KERALA
പ്രിയങ്കാ ഗാന്ധിക്കായി പ്രചരണത്തിന് ഇറങ്ങുംനെഹ്റു കുടുംബം മത്സരിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും മാറിനിൽക്കാനാകില്ല

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വയനാട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കായി പ്രചരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ. നെഹ്റു കുടുംബം മത്സരിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും മാറിനിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.’പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അവിടെ മത്സരിക്കാൻ ധാരാളം ചെറുപ്പക്കാർ ഉണ്ട്. വട്ടിയൂർക്കാവാണ് എന്റെ കുടുംബം. വട്ടിയൂർക്കാവിന്റെ സന്തോഷത്തിലും ദുഃഖത്തിലും താൻ കൂടെയുണ്ടായിരുന്നു. അവിടെ സജീവമായി ഉണ്ടാകും. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്കായി പ്രചരണത്തിന് ഇറങ്ങും. നെഹ്റു കുടുംബം മത്സരിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും മാറിനിൽക്കാനാകില്ല’, കെ മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസിന്റെ സംഘടനതലത്തിൽ വലിയ മാറ്റങ്ങൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ പൊതുപ്രവർത്തന രംഗത്ത് നിന്ന് തൽക്കാലത്തേയ്ക്ക് വിട്ടുനിൽക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വയനാട്ടിൽ പ്രിയങ്ക മത്സരിക്കാൻ വരുമ്പോൾ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് കെ മുരളീധരൻ.