Connect with us

KERALA

പാലക്കാട് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കൂടി മത്സരിപ്പിച്ചാൽ കോൺഗ്രസിന്റെ കേരളത്തിലെ കുടുംബാധിപത്യം പൂർണമാകും

Published

on

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതിനെയും പ്രിയങ്ക ഗാന്ധി പകരമെത്തുന്നതിനേയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കൂടി മത്സരിപ്പിച്ചാൽ കോൺഗ്രസിന്റെ കേരളത്തിലെ കുടുംബാധിപത്യം പൂർണമാകുമെന്നാണ് സുരേന്ദ്രൻ വിമർശിക്കുന്നത്.

വയനാട് കുടുംബം പോലെയാണെന്ന് രാഹുൽ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലായതെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് പോലും പാർട്ടിയിൽ വലിയ റോളില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസിൽ ഒരു കുടുംബമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും വയനാട് ബിജെപി സ്ഥാനാർഥിയായി ആര് മത്സരിക്കണമെന്ന് ദേശീയനേതൃത്വം തീരുമാനിക്കുമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. തന്റെ സ്ഥാനാർഥിത്വത്തിലും ദേശീയനേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നാണ് കെ സുരേന്ദ്രൻ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് വയനാട് ലോക്‌സഭ മണ്ഡലം ഒഴിയുകയാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. റായ്ബരേലി നിലനിർത്താനാണ് രാഹുലിന്റെ തീരുമാനം. 2019ൽ യുപിയിലെ അമേത്തിയിലും വയനാട്ടിലുമായിരുന്നു രാഹുൽ മത്സരിച്ചത്. അമേത്തിയിൽ അന്നത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് തോറ്റിരുന്നു. തുടർന്ന് വയനാട് എംപിയായി രാഹുൽ ലോക്‌സഭയിലെത്തി.

Continue Reading