Business
വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി. വാട്ടര്‍ സല്യൂട്ടോടെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലിനെ സ്വീകരിച്ചു.

വിഴിഞ്ഞം : വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി. വാട്ടര്‍ സല്യൂട്ടോടെ ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലിനെ സ്വീകരിച്ചു. കണ്ടെയ്‌നറുകളുമായാണ് കപ്പലെത്തിയത്.
വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും ചടങ്ങിൽ പങ്കെടുക്കും.
പൂര്‍ണതോതില്‍ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയല്‍റണ്ണാണ് ഇന്ന് തുടങ്ങുന്നത്. ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്നറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറമുഖത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍വരെ തുടര്‍ച്ചയായി ചരക്കുകപ്പലുകള്‍ എത്തും. മൂന്നുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.
2015-ല്‍ തുടങ്ങിയ വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു പതിറ്റാണ്ടിനിപ്പുറം യാഥാര്‍ഥ്യമാവുകയാണ്. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയാണ് ഔദ്യോഗിക ചടങ്ങ് ഉദ്ഘാടനം ചെയ്യുക. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിനു വന്‍ ജനാവലിയെ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, വിശിഷ്ട വ്യക്തികള്‍. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. വമ്പന്‍ സുരക്ഷാസന്നാഹങ്ങളാണ് വിഴിഞ്ഞത്ത് ഒരുക്കിയിരിക്കുന്നത്.