Connect with us

Life

ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്റില്‍ വൻ പ്രതിഷേധങ്ങളുയര്‍ത്തും

Published

on

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൊവ്വാഴ്ച അവതരിപ്പിച്ച മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്റില്‍ വൻ പ്രതിഷേധങ്ങളുയര്‍ത്തും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് ബജറ്റ് പ്രകടിപ്പിക്കുന്നതെന്ന വിമർശനമാണ് ഇന്ത്യ സഖ്യം ഉയര്‍ത്തുന്നത്.

ബജറ്റവതരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യ നേതാക്കള്‍ പാര്‍ലമെന്റിലെ പ്രതിഷേധ നീക്കങ്ങള്‍ സംബന്ധിച്ച് തന്ത്രങ്ങള്‍ മെനഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന എംപി സഞ്ജയ് റാവത്ത്, ഡിഎംകെ എംപി ടി.ആര്‍.ബാലു തുടങ്ങിയവരും തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ഇന്ന് കാലത്ത് 10.30-ന് പാര്‍ലമെന്റ് കവാടത്തില്‍നിന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം ആരംഭിക്കും ‘ബജറ്റ് എന്ന സങ്കല്‍പ്പംതന്നെ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് തകര്‍ത്തു. മിക്ക സംസ്ഥാനങ്ങളോടും വലിയ വിവേചനം കാണിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തണമെന്നാണ് ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളുടേയും ഒറ്റക്കെട്ടായ തീരുമാനം’

ബിഹാറിന് 58,900 കോടി രൂപയും ആന്ധ്രയ്ക്ക് 15,000 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങൾക്കും കാര്യമായ വിഹിതം ബജറ്റിൽ ഉണ്ടായതുമില്ല. ഇത് വിവിധ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍, അതില്‍ വിവേചനമില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. എല്ലാം സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പ്രതിപക്ഷത്തിന് ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.

Continue Reading