Life
രാജ്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം
ന്യൂഡൽഹി: രാജ്യത്ത് പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ചില സംസ്ഥാനങ്ങളിൽ നടത്തിയത് ജാതി സർവെ ആണെന്നും ഇത് അശാസ്ത്രീയമാണെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ തിരക്കിട്ട നീക്കം എന്നതും ശ്രദ്ധേയമാണ്.
പ്രത്യേകമായി ജാതി സെൻസസ് നടപ്പിലാക്കില്ല, മറിച്ച് പൊതു സെൻസസിനൊപ്പം തന്നെ ജാതി കണക്കെടുപ്പ് നടത്തും. എല്ലായ്പ്പോഴും ജാതിസെൻസസിനെ എതിർത്തിരുന്നവരാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിന് ശേഷം നടത്തിയ സെൻസസുകളിലൊന്നും തന്നെ ജാതി രേഖപ്പെടുത്തിയിരുന്നില്ലെന്നും കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിവരിക്കവെ അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. ജാതി സെൻസസിനെ രാഷ്ട്രീയമായാണ് കോൺഗ്രസ് ഉപയോഗിച്ചതെന്നും അശ്വിനി വൈഷ്ണവ് വിമർശിച്ചു.
ജാതി സെൻസസ് നടപ്പിലാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ നിരവധി തവണ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അന്നൊന്നും കേന്ദ്രം അനുകൂല നിലപാടെടുത്തിരുന്നില്ല.
