Crime
ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സിനിമാതാരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സിനിമാതാരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. നിറയെ ആരാധകരുളള താരങ്ങളായ മഹിര ഖാൻ, ഹാനിയ അമീർ, അലി സഫർ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കാണ് ഇന്നലെ വൈകുന്നേരം മുതൽ ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്.
ഏപ്രിൽ 22നാണ് രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം ഉണ്ടായത്. 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവനുകളാണ് ആക്രമണത്തിൽ നഷ്ടപ്പെട്ടത്.
ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ച് വരുന്നത്. ഇതിന് മുൻപ് പ്രകോപനപരമായ കണ്ടന്റുകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് 16 പാകിസ്ഥാനി യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ നടത്തിയിരുന്ന, മൂന്നര ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബ് ചാനലും ഇന്ത്യയിൽ നിർത്തലാക്കിയിരുന്നു.മേരേ ഹംസഫർ, കഫി മേൻ കഫി തും തുടങ്ങിയ പാകിസ്ഥാനി നാടകങ്ങളിൽ അഭിനയിച്ച് ഇന്ത്യയിൽ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹാനിയ അമീർ. ദുരന്തം എവിടെയായാലും എല്ലാവർക്കും ഒരുപോലെയാണെന്ന് അവർ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചിരുന്നു. ‘ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിഷ്‌കളങ്കരാവർക്കൊപ്പമാണ് എന്റെ ഹൃദയം. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ വേദന ഞങ്ങൾക്കുമുണ്ട്. ഞങ്ങൾ എവിടെ നിന്ന് വരുന്നു എന്നതിൽ അർത്ഥമില്ല. ദുഃഖം എപ്പോഴും ഒരു ഭാഷയാണ് സംസാരിക്കുന്നത്. നമുക്ക് മനുഷ്യത്വം തിരഞ്ഞെടുക്കാം.’- അവർ പ്രതികരിച്ചു.2017ൽ ഷാരൂഖ് ഖാൻ നായകനായി എത്തിയ ‘റയീസ്’ എന്ന ചിത്രത്തിലൂടെയാണ് മഹീര ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ജമ്മുകാശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈനിക താവളത്തിനുനേരെ ആക്രമണം ഉണ്ടായതിനുശേഷം ഒരു പാകിസ്ഥാനി താരവും ഇന്ത്യൻ സിനിമയിൽ അഭിനയിച്ചിട്ടില്ലയെന്നതും ശ്രദ്ധേയമാണ്.