KERALA
കോൺഗ്രസിനെ സാമ്പത്തികമായി സഹായിക്കാൻ അദാനി ഗ്രൂപ്പ് നൽകിയ വാഗ്ദാനം ഉമ്മൻ ചാണ്ടി നിരസിച്ചെന്ന് കെ.വി.തോമസ്

തിരുവനന്തപുരം: വിഴിഞ്ഞം കരാറായ ശേഷം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസിനെ സാമ്പത്തികമായി സഹായിക്കാൻ അദാനി ഗ്രൂപ്പ് നൽകിയ വാഗ്ദാനം ഉമ്മൻ ചാണ്ടി നിരസിച്ചെന്ന് മുൻ കേന്ദ്രമന്ത്രിയും പിണറായി സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ശക്തമായ തീരുമാനമായിരുന്നു ഉമ്മൻ ചാണ്ടിയുടേതെന്നും തോമസ് പറഞ്ഞു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരിക്കെ 2015ലെ ഡൽഹി യാത്രയിൽ വിഴിഞ്ഞം നിർമാണം ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പദ്ധതി നഷ്ടപ്പെടുമെന്നായിരുന്നു ആശങ്ക. ഗൗതം അദാനിയുമായി തനിക്ക് അടുപ്പമുണ്ടെന്നും പക്ഷേ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും അദാനിയോടുള്ള എതിർപ്പ് പരിഹരിക്കണമെന്നും മറുപടി നൽകി.
അദാനിയെ ബന്ധപ്പെട്ടപ്പോൾ കേരളത്തിലെ ട്രേഡ് യൂണിയൻ പ്രശ്നങ്ങളും 2000 ഏക്കർ സൗജന്യമായി തരാമെന്ന തമിഴ്നാടിന്റെ വാഗ്ദാനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയെ കാണാൻ സമ്മതം അറിയിച്ചു. ഡൽഹിയിലെ തന്റെ വസതിയിൽ പ്രഭാതഭക്ഷണത്തിന് എത്തിയ ഇരുകൂട്ടരും ചർച്ച നടത്തി. തുടർന്ന് ഉമ്മൻ ചാണ്ടിയും അദാനിയും മാത്രമായി സംസാരിച്ചു.
താൻ കേരളത്തിലേക്ക് വരുമെന്ന് അദാനി അതിനു ശേഷം പറഞ്ഞു. പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് സോണിയ ഗാന്ധിയെ ഉമ്മൻ ചാണ്ടി ബോധ്യപ്പെടുത്തി. അദാനിക്കെതിരെ ചില കോൺഗ്രസ് നേതാക്കൾ കത്തെഴുതിയെങ്കിലും ഉമ്മൻ ചാണ്ടിയുടേത് ശക്തമായ തീരുമാനമായിരുന്നു. തുടർന്നുണ്ടായ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചും സമചിത്തതയോടെയും മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം യാഥാർഥ്യമാക്കിയെന്നും തോമസ് പറഞ്ഞു.