Connect with us

KERALA

തളിപ്പറമ്പിൽ ശ്യാമള തന്നെശൈലജ പേരാവൂർ കൊണ്ട് തൃപ്തിപ്പെടണം

Published

on


തിരുവനന്തപുരം: തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎൽഎയുമായ എം.വി.ഗോവിന്ദന്റെ ഭാര്യയും മഹിള അസോസിയേഷൻ നേതാവുമായ പി.കെ.ശ്യാമള തന്നെ സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ  തീരുമാനമായതായാണ് വിവരം. പി.കെ.ശ്യാമളയെ ഉൾപ്പെടുത്തിയുള്ള കണ്ണൂരിൽനിന്നുള്ള സി.പി.എം. പട്ടികയ്ക്ക് ജില്ലാ സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ പ്രവർത്തകർക്കിടയിൽ എതിർപ്പുകളുയർന്നിരുന്നു. സോഷ്യൽ മീഡിയയിലും മറ്റും പാർട്ടി പ്രവർത്തകർക്കിടയിൽ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരായി പോസ്റ്റുകളും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. സ്ഥാനാർഥി പട്ടിക നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ വരും. ആദ്യംതന്നെ മണ്ഡലത്തിൽ വനിതാ സ്ഥാനാർഥി വേണമെന്ന ആവശ്യമുയർത്തി സീറ്റ് സുരക്ഷിതമാക്കി നിർത്താൻ നേതൃത്വം ശ്രമിച്ചുവെന്നാണ് ആദ്യ വിമർശനം.

ഇവിടെ ഉയർന്നുവന്ന പ്രധാന പേര് പി.കെ.ശ്യാമളയുടെതായിരുന്നു. ഇതിനിടെ എൻ.സുകന്യയുടെ പേരുംവന്നു. രണ്ടുതവണ തളിപ്പറമ്പിനെ പ്രതിനിധാനംചെയ്ത ജെയിംസ് മാത്യുവിന്റെ ഭാര്യയാണ് മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ സുകന്യ.

പേരാമ്പ്ര സീറ്റ് സി.പി.എം. സഖ്യകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകില്ല. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം. യു.ഡി.എഫിലായിരുന്ന കാലത്ത് സ്ഥിരമായി മത്സരിച്ചിരുന്ന പേരാമ്പ്ര സീറ്റിനുവേണ്ടി ഇക്കുറി കേരള കോൺഗ്രസ് എം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഇത് അംഗീകരിക്കേണ്ടെന്നാണ് സി.പി.എം സെക്രട്ടേറിയേറ്റിന്റെ തീരുമാനം. മട്ടന്നൂർ, പേരാവൂർ, പേരാമ്പ്ര, ഉടുമ്പൻചോല സീറ്റുകളുടെ കാര്യത്തിലും സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമുണ്ടായി.

സിറ്റിങ് എം.എൽ.എയായ ടി.പി. രാമകൃഷ്ണൻ തന്നെ  പേരാമ്പ്രയിൽ നിന്ന് സി.പി.എമ്മിനുവേണ്ടി ഇക്കുറി  ജനവിധി തേടും. കേരള കോൺഗ്രസ്-എമ്മിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മാത്രമാണ് ലഭിക്കുക. എം.എം. മണിക്ക് പകരം ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻതന്നെ മത്സരിക്കും. മട്ടന്നൂരിൽ നിന്ന്  കെ.കെ. ശെെലജ പേരാവൂരിലേയ്ക്ക് മാറും. ജി. സുധാകരന്റെ വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയ്ക്ക് വന്നില്ല.

Continue Reading