KERALA
30 കുട്ടികൾ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം.206 പേരെ ഇനിയും കണ്ടെത്തണം

കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 344 ആയി. ദുരന്തത്തിൽ ഇതുവരെയായി 30 കുട്ടികൾ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
146 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും. 206 പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. 82 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേർ കഴിയുന്നുണ്ട്.
ബെയ്ലി പാലത്തിലൂടെ ദുരന്തഭൂമിയിൽ കഴിഞ്ഞ ദിവസം സൈന്യത്തിന്റെ നേതൃത്വത്തിൽ എത്തിയ രക്ഷാപ്രവർത്തകർ നാൽപ്പത് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്. 640 പേരാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്. ദുരന്തഭൂമിയെ ആറ് മേഖലകളായി തിരിച്ചായിരുന്നു തെരിച്ചിൽ. പട്ടാളം,എൻ.ഡി.ആർ.എഫ്, ഡി.എസ്.ജി, കോസ്റ്റ് ഗാർഡ്, നേവി, എം.ഇ.ജി ഉൾപ്പെടെയുള്ള സംയുക്ത സേനയാണ് തെരച്ചിൽ നടത്തിയത്. ഓരാേ ടീമിലും പ്രദേശവാസിയും വനം വകുപ്പ് ജീവനക്കാരനും ഉണ്ടായിരുന്നു. കേരള പൊലീസിന്റെ കെ.9 സ്ക്വാഡിൽ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്ക്വാഡിൽ പെട്ട മൂന്നു നായകളും ദൗത്യത്തിലുണ്ട്. സൈന്യത്തിന്റെ പരിശീലനം നേടിയ നായകളും തെരച്ചലിന് ഒപ്പം കൂടി. ഇന്ത്യൻ സേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ് എന്നിവയിൽ നിന്നുള്ളവരാണ്സംഘത്തിലുള്ളത്.