Connect with us

KERALA

ശശിയെ പോലെ സത്യസന്ധനും സ്നേഹനിധിയുമായ മനുഷ്യനെ കണ്ടിട്ടില്ലപി.കെ.ശശിയെ പുകഴ്ത്തി മന്ത്രി കെ.ബി.ഗണേഷ് കുമാർ.

Published

on

പാലക്കാട് :  അഴിമതി ആരോപണം നേരിടുന്ന മുതിർന്ന സിപി‌എം നേതാവ് പി.കെ.ശശിയെ പുകഴ്ത്തി മന്ത്രി കെ.ബി.ഗണേഷ് കുമാർ. ശശിയെ പോലെ സത്യസന്ധനും സ്നേഹനിധിയുമായ മനുഷ്യനെ കണ്ടിട്ടില്ലെന്നു ഗണേഷ് പറഞ്ഞു. പി.കെ.ശശിയെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഗണേഷിന്റെ നിരുപാധിക പിന്തുണ. ഫണ്ട് തിരിമറി നടത്തിയെന്നു കണ്ടെത്തിയ യൂണിവേഴ്‌സൽ കോളജിലെ പരിപാടിക്കിടെയാണു പരാമർശം.

‘‘ഞാനും ഒരുപാട് ആരോപണങ്ങൾക്ക് ഇരയായിട്ടുണ്ട്. അടുത്തുനിന്നു കണ്ടിട്ടുള്ള ആളെന്ന നിലയ്ക്കു ശശിയെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ ഒരാളെ വേറെ കണ്ടിട്ടില്ല. രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കും. എംഎൽഎ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും സ്നേഹത്തിനു മുൻതൂക്കം നൽകി പാവങ്ങളെ സഹായിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണു മനസ്സിൽ അദ്ദേഹത്തിനു സ്ഥാനം നൽകിയിട്ടുള്ളത്. നുണകളിലൂടെ യൂണിവേഴ്സൽ കോളജിനെയും ശശിയെയും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, ഒരുപാട് വിദ്യാർഥികളെയും അധ്യാപകരെയും അത് ബാധിക്കുന്നുണ്ടെന്ന് ഓർക്കണം.

സത്യമേ ജയിക്കൂ. അസത്യത്തിനു കൂട്ടുനിന്നാൽ, അസത്യം പ്രവർത്തിക്കുന്നവൻ കരിഞ്ഞു ചാമ്പലാകും. സത്യത്തിന്റെ കൂടെ നിൽക്കുന്നവൻ തിളങ്ങും. എന്നെ വളഞ്ഞുനിന്ന് ആക്രമിച്ച ചിലർ കേരള രാഷ്ട്രീയത്തിന്റെ ഭൂപടത്തിൽ നിന്നുതന്നെ തൂത്തെറിയപ്പെട്ടു. എന്റെ ദൈവം സത്യമാണ്. മനുഷ്യനെ സ്നേഹിക്കാൻ കഴിയണം. ആളുകൾക്കു സാന്ത്വന സ്പർശം നൽകാൻ ശ്രമിക്കണം. പി.കെ.ശശിയെ ആക്രമിക്കുമ്പോൾ, ഇതുപോലൊരു സ്ഥാപനമാണു തകരുന്നത്. കള്ളം പറഞ്ഞ്, ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കരുത്.
ശശി നല്ല മനുഷ്യനാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. കെടിഡിസിയുടെ തലപ്പത്ത് വന്നിട്ടുള്ള മികച്ച ചെയർമാനാണ്. കെടിഡിസിയുടെ സ്ഥാപനങ്ങളെല്ലാം നല്ല നിലയിലായി. കള്ളന്മാരും പിടിച്ചുപറിക്കാരും ഒരുപാടുണ്ട്. അവരെപ്പറ്റി പറയാനും വാക്കുകൾ കൊണ്ട് ആക്രമിക്കാനും ആരും തയാറാവില്ല. പൊതുജനങ്ങൾ കഴുതയല്ലെന്നു മാധ്യമങ്ങൾ ഓർക്കണം. പടച്ചുവിടുന്നതെല്ലാം ജനം വിലയിരുത്തുന്നുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയ്ക്കും വിലയുണ്ടെന്ന് ഓർക്കണം. നമ്പി നാരായണന്റെ ജീവിതം മാധ്യമങ്ങൾക്കു തിരിച്ചു നൽകാൻ കഴിയുമോ? യൂണിവേഴ്സൽ കോളജിനെയും ശശിയെയും നശിപ്പിക്കാൻ അവസരം നൽകരുത്.’’– ഗണേഷ് പറഞ്ഞു.
പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും ശശിയെ മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായെന്നു റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ ശശി കെടിഡിസി ചെയർമാനാണ്. നേരത്തേ ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്നു ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് 6 മാസം ശശിയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും മടങ്ങിയെത്തി.

Continue Reading