KERALA
ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍.അറിയാതെയും എത്തുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തും

തിരുവനന്തപുരം: വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍. ദർശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
തിരുപ്പതി ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ കുറ്റമറ്റ രീതിയിലാണ് വെര്‍ച്ച്വല്‍ ക്യൂ സംവിധാനം നടന്നുവരുന്നത്. ഇതേ മാതൃകയിലാണ് 2011 മുതല്‍ ശബരിമലയിലും ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വി.ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വെര്‍ച്ച്വല്‍ ക്യൂ രജിസട്രേഷനിലൂടെ തീര്‍ഥാടകരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ രേഖയായി ലഭ്യമാകും. ഇത് ശബരിമലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങള്‍ ഉണ്ടായാല്‍ ആളുകളെ കണ്ടെത്തുന്നതിനും സഹായകരമാണ്. ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.