Connect with us

Crime

ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ പോലീസ് സ്റ്റേഷനിൽ ഹാജരായി.

Published

on

തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ പോലീസ് സ്റ്റേഷനിൽ ഹാജരായി. സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരായത്.

ഇന്ന് കാലത്ത്11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാവാനായിരുന്നു പോലീസ് നിര്‍ദേശം. എന്നാല്‍ മാധ്യമ ശ്രദ്ധ ഒഴിവാക്കാനായി ജയസൂര്യ 8.15ന് തന്നെ ഹാജരാവുകയായിരുന്നു.

രണ്ട് മാസം മുന്‍പാണ് ആലുവയില്‍ താമസിക്കുന്ന നടി പോലീസിന് പരാതി നല്‍കിയത്. 2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ജയസൂര്യ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. സെക്രട്ടേറിയേറ്റില്‍ വെച്ചായിരുന്നു ഈ ഷൂട്ടിങ് നടന്നത്.

ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ നിന്ന് വരുമ്പോള്‍ തന്നെ പുറകില്‍ നിന്ന് കടന്നു പിടിച്ചു എന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കൂടാതെ വൈകിട്ട് നടന്‍ തന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച ജയസൂര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

ഇന്ന് സ്റ്റേഷനില്‍ ഹാജരാകുന്ന ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത. അതിനിടെ ജയസൂര്യക്കെതിരെ സമാനമായ മറ്റൊരു കേസും നിലവിലുണ്ട്.

Continue Reading