Crime
നാട്ടിലേക്ക് ചോദിച്ചു വാങ്ങിയ സ്ഥലംമാറ്റം, വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കി.നവീനിൻ്റെ മരണം ഉൾക്കൊള്ളാനാവാതെ ബന്ധുക്കൾ

കണ്ണൂർ∙: ഏറെനാളായി ആഗ്രഹിച്ച് നാട്ടിലേക്ക് ചോദിച്ചു വാങ്ങിയ സ്ഥലംമാറ്റം, വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കി. സർവീസിന്റെ അവസാന നാളുകൾ കുടുംബത്തിനൊപ്പം കഴിയാൻ ആഗ്രഹിച്ചിട്ടും നാടണയുന്നതിന് തൊട്ടുതലേന്ന് എഡിഎം നവീൻ ബാബു ജീവനൊടുക്കിയെന്ന വാർത്തയറിഞ്ഞ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നാട്ടിലേക്ക് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റം ലഭിച്ചശേഷം അദ്ദേഹം ഇന്ന് പത്തനംതിട്ടയിൽ എത്തേണ്ടതായിരുന്നു. അതിനിടെയാണ് മരണം’ നേരത്തെ കാസർഗോഡ് ജോലി ചെയ്തിരുന്നു,
ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങുന്ന നവീൻ ബാബുവിനെയും കാത്ത് ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിലെത്തിയിട്ടും അദ്ദേഹം വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണ വിവരമറിഞ്ഞത്. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കൾ കണ്ണൂരിൽ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പള്ളിക്കുന്നിൽ നവീൻ താമസിക്കുന്ന സർക്കാർ ക്വാർട്ടേഴ്സിലെത്തിയ ജില്ലാ കലക്ടറുടെ ഗൺമാനാണ് അദ്ദേഹത്തെ തൂങ്ങി മരിച്ചനിലയിൽ ആദ്യം കണ്ടത്.
സിപിഎം അനുകൂല കുടുംബമായ നവീൻ വളരെ മാന്യമായ രീതിയിൽ ജോലി ചെയ്തിരുന്ന സർക്കാർ ഉദ്യോഗസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഇതുവരെയും ഒരു തരത്തിലുള്ള പരാതികളും അദ്ദേഹത്തിനെതിരെ കേട്ടിട്ടില്ല. ആക്ഷേപങ്ങൾക്ക് ഇടകൊടുക്കാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു നവീനെന്നും ഇവരെ അടുത്ത് അറിയുന്നവർ പറയുന്നു.