KERALA
സ്ഥാനാർഥിത്വത്തിനായി സരിൻ ആദ്യം ബിജെപിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാകാൻ നോക്കുന്നത്.മറുപടിയുമായി വി.ഡി. സതീശന്‍.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും തുറന്നടിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട പി. സരിന്‍റെ ആരോപണങ്ങൾക്കു മറുപടിയുമായി വി.ഡി. സതീശന്‍. സരിന്‍റെ നീക്കം ആസൂത്രിമാണെന്നും ഇപ്പോള്‍ പറയുന്നത് സിപിഎമ്മിന്‍റെ വാദങ്ങളാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർഥിത്വത്തിനായി സരിൻ ആദ്യം ബിജെപിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാകാൻ നോക്കുന്നത്. സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് സരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് സിപിഎം വാദങ്ങളാണ് അദ്ദേഹം തന്നെക്കുറിച്ച് പറയുന്നത്. മന്ത്രി എം.ബി. രാജേഷ് എഴുതി കൊടുത്തിട്ടുള്ള വാചകങ്ങളാണ് സരിൻ പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതാക്കന്മാരും മന്ത്രിമാരും തന്നെ കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിന്‍ ഇപ്പോൾ പറയുന്നത്. അതിനെ കാര്യമായിട്ട് കാണുന്നില്ലെന്നും അതിനുള്ള മറുപടി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
കൂട്ടായ ആലോചനകൾ നടത്തിയും മുതിർന്ന നേതാക്കളുമായി സംസാരിച്ചുമാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ഇന്നലെ തന്നെ ഇക്കാര്യത്തിൽ നടപടിയെടുത്താൽ അതുകൊണ്ടാണ് സിപിഎമ്മിൽ പോകുന്നതെന്ന് വരുത്തി തീര്‍ക്കും. സരിനു സ്ഥാനാർഥിയാകാൻ ആഗ്രഹമുണ്ടായിരുന്നു എന്നാൽ ബിജെപിയുമായും സിപിഎമ്മുമായും ചർച്ച നടത്തുന്ന ഒരാളെ എങ്ങനെ കോണ്‍ഗ്രസ് സ്ഥാനാർഥിയാക്കും. എന്തുകൊണ്ടാണ് സരിനെ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കാതിരുന്നത് എന്ന് ഇന്നലത്തെ സരിന്‍റെ വാർത്താസമ്മേളനം കണ്ട ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.