Connect with us

KERALA

സന്ദീപ് വാര്യർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കെ. സുരേന്ദ്രൻ. ഒരാൾ പോയിട്ടും ബി.ജെ.പിക്ക് ഒന്നും സംഭവിച്ചില്ല. ഇപ്പോഴത്തെ മാധ്യമശ്രദ്ധയും വലിയ പരിവേഷവും വീരാരാധനയുമെല്ലാം എത്ര ദിവസം ഉണ്ടാവും?

Published

on

പാലക്കാട്: ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.  തനിക്ക് പാർട്ടിയിൽനിന്ന് അപമാനം നേരിട്ടെന്നതടക്കമുള്ള സന്ദീപിന്റെ വാക്കുകളിൽ സുരേന്ദ്രൻ അതൃപ്തി പ്രകടിപ്പിച്ചു. കാത്തിരുന്ന് കാണാം എന്നായിരുന്നു ഇതേക്കുറിച്ച് കെ.സുരേന്ദ്രൻ പ്രതികരിച്ചത്.പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രൻ്റെ പ്രതികരണം.

നേതൃത്വത്തിനെതിരായ വിമർശനത്തിൽ സന്ദീപിനെതിരെ ധൃതിവെച്ച് നടപടിയില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. കാത്തിരുന്ന് കാണൂ എന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ വിവാദം പാർട്ടിക്ക് തിരിച്ചടിയാകില്ലെന്നും കൂട്ടിച്ചേർത്തു. വീട്ടിലെ മരണകാര്യങ്ങൾ വരെ മാധ്യമങ്ങളിലൂടെ പുറത്തുപറയുന്നു. ഈ സമയത്ത് എന്തിനാണ് സന്ദീപ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

“ഒരാൾ പോയിട്ടും ബി.ജെ.പിക്ക് ഒന്നും സംഭവിച്ചില്ല. ഇപ്പോഴത്തെ മാധ്യമശ്രദ്ധയും വലിയ പരിവേഷവും വീരാരാധനയുമെല്ലാം എത്ര ദിവസം ഉണ്ടാവും? മാധ്യമങ്ങൾ എത്രദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോകും? നാളെ ഇതേ മാധ്യമങ്ങൾ അദ്ദേഹത്തെ ഉപേക്ഷിക്കില്ലേ? സി.പി.എമ്മിലും കോൺ​ഗ്രസിലും എന്താണ് സ്ഥിതി? മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ? കേരളത്തിലെ ബി.ജെ.പിയിൽനിന്ന് ഒരാൾ പോയിട്ട് എന്തുചെയ്യാനാണ്.” സുരേന്ദ്രൻ ചോദിച്ചു.

ഭാരതീയ ജനതാ പാർട്ടിയെന്നത് ഒരു സാധാരണ രാഷ്ട്രീയ കക്ഷിയല്ല. അതൊന്നും അറിയാതെ ചോദ്യങ്ങൾ ചോദിക്കരുത്. കൊടകര കുഴൽപ്പണക്കേസിനുപിന്നിൽ കോൺ​ഗ്രസും സി.പി.എമ്മുമാണ്. വസ്തുത ഇതാണ്. കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് വോട്ടെടുപ്പ് തീയതി മാറ്റിയതിൽ ഒരു പ്രതിസന്ധിയുമുണ്ടാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Continue Reading