Connect with us

KERALA

പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ്

Published

on

പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍മുറിയിലെ പോലീസ് റെയ്ഡില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്ന് അദ്ദേഹം പാലക്കാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എം.ബി. രാജേഷും ഭാര്യാസഹോദരനും ചേര്‍ന്നാണ് റെയ്ഡിന്റെ ഗൂഢാലോചന നടത്തിയത്. രാജേഷ് രാജിവെക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സി.പി.എം.- ബി.ജെ.പി. നേതൃത്വങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടമായ ബി.ജെ.പിയും അവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ നിന്ന സി.പി.എം. നേതൃത്വവും ജാള്യത മറയ്ക്കാന്‍ നടത്തിയ പാതിരാനാടകമാണ് അരങ്ങിലെത്തുംമുന്‍പേ ദയനീയമായി പൊളിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ പിന്തുണയോടെ പാലക്കാട്ടുനിന്നുള്ള മന്ത്രി എം.ബി. രാജേഷും അദ്ദേഹത്തിൻ്റെ ഭാര്യാസഹോദരനായ സി.പി.എം. നേതാവും ബി.ജെ.പി. നേതാക്കളുടെ അറിവോടെ തയ്യാറാക്കിയതാണ് ഇതിന്റെ തിരക്കഥ മുഴുവന്‍. റെയ്ഡ് സംബന്ധിച്ച് പോലീസ് വിശദീകരണത്തില്‍ തന്നെ വൈരുധ്യങ്ങളുണ്ട്. പോലീസ് ആദ്യം പോയത് ഷാനിമോള്‍ ഉസ്മാന്റെയും പിന്നീട് ബിന്ദുകൃഷ്ണയുടെയും മുറിയിലേക്കാണ്. ഇത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറികളെ ലക്ഷ്യമാക്കി വനിതാനേതാക്കളെ അപമാനിക്കാന്‍കൂടി വേണ്ടിയാണ് ഇത് ചെയ്തത്, സതീശന്‍ ആരോപിച്ചു. സമീപത്തെ മുറികളില്‍ താമസിച്ചിരുന്ന ബി.ജെ.പിയുടെ വനിതാ നേതാക്കളുടെ മുറിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെത്തിയിട്ടും പരിശോധന നടത്തിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കേരള പോലീസിനെ ഏറ്റവും നാണംകെട്ട പോലീസാക്കി മാറ്റിയെന്നും സതീശന്‍ ആരോപിച്ചു. ഏറ്റവും വലിയ അടിമക്കൂട്ടമാക്കി മാറ്റി. റെയ്ഡ് നടത്താന്‍ പോകുന്ന വിവരം കൈരളി ടി.വി. എങ്ങനെ അറിഞ്ഞു. അവരെ അറിയിച്ചിട്ടാണോ പോലീസ് റെയ്ഡ് നടത്താന്‍ വന്നത്. പോലീസ് റെയ്ഡിന് എത്തുന്നതിന് മുന്‍പേ ഡി.വൈ.എഫ്.ഐയുടെയും ബി.ജെ.പിക്കാരുടെയും ആള്‍ക്കൂട്ടമുണ്ടായിരുന്നു. അവര്‍ക്ക് ഹോട്ടലിന്റെ വരാന്തയിലേക്കും റിസപ്ഷനുള്ളിലേക്കും കയറാന്‍ സൗകര്യമുണ്ടാക്കി നല്‍കി. പണപ്പെട്ടി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് അവര്‍ കയറിയത് എന്നാണ് പറയുന്നത്. പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല. പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Continue Reading