Connect with us

Business

കാസര്‍കോട്ടെ പ്രവാസി വ്യവസായി എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജി യുടെ മരണം കൊലപാതകം: നഷ്ടപ്പെട്ടത് 596 പവന്‍ ‘ മന്ത്രവാദിനിയും ഭര്‍ത്താവും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Published

on

കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38) രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38) മൂന്നാം പ്രതി അസ്‌നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മധൂരുകാരി ആയിഷ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.കെ.ജെ.ജോണ്‍സണിന്റെയും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ആഭിചാരക്രിയകളുടെ പേരിൽ സ്വർണം കൈക്കലാക്കിയ ശേഷം പ്രതികൾ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഗഫൂര്‍ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കുറച്ച് സ്വര്‍ണ്ണം ജ്വല്ലറികളില്‍ വിറ്റതായി പറയുന്നുണ്ട്. ജില്ലയിലെ ചില സ്വര്‍ണ്ണ വ്യാപാരികളില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്.

2023 ഏപ്രില്‍ 14-നാണ് ഗഫൂര്‍ ഹാജിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയം ഗഫൂര്‍ഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ സംശയമുള്ളതിനാല്‍ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളാണ് കേസ് തെളിയിക്കാന്‍ സഹായിച്ചത്.

ഗള്‍ഫില്‍ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റ് സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂര്‍ ഹാജിയെ റംസാന്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടത്. പുണ്യമാസത്തിലെ 25-ാം നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്നുതന്നെ മൃതദേഹം ഖബറടക്കിയിരുന്നു. പിറ്റേന്ന് മുതല്‍ ഗഫൂര്‍ വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തി. സ്വര്‍ണത്തിൻ്റെ കണക്കെടുത്തപ്പോള്‍ ഗഫൂർ ഹാജിക്ക് സ്വന്തമായുള്ളതും ബന്ധുക്കളില്‍നിന്ന് വായ്പ വാങ്ങിയതും ഉൾപ്പെടെ ആകെ 596 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ മകന്‍ മുസമ്മില്‍ പോലീസിലും മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നല്‍കി. തുടർന്ന് ബേക്കല്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. 2023 എപ്രില്‍ 27-ന് ഖബറിടത്തില്‍ നിന്നും ഗഫൂര്‍ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടവും നടത്തി. തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അപ്പോഴാണ് മരണ കാരണത്തിൽ സംശയം ഉയർന്നത്.

Continue Reading