Connect with us

KERALA

മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് നിർദേശിക്കാൻ കഴിയുമോയെന്ന് സുപ്രീം കോടതിആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങൾ നിർദേശിക്കുന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

Published

on

ന്യൂഡൽഹി : ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ്ഗ രേഖ അപ്രായോഗികമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദേശിക്കാനാകുമെന്ന് കോടതി ആരാഞ്ഞു. 2012 ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താൻ ദേവസ്വങ്ങൾക്ക് സുപ്രീം കോടതി അനുമതി നൽകി. ഹൈക്കോടതി വിധിക്ക് എതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

2012 ലെ നാട്ടാന പരിപാലന ചട്ടത്തിൽ വ്യവസ്ഥ ചെയ്യാത്ത നിയന്ത്രണങ്ങൾ ആനയെഴുന്നള്ളിപ്പിന് നിർദേശിച്ച കേരള ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ചട്ടങ്ങൾ രൂപവത്കരിക്കാനുള്ള അധികാരം ഹൈക്കോടതിക്ക് ഏറ്റെടുക്കാൻ ആകില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. ചട്ടങ്ങളിൽ പോരായ്മ ഉണ്ടെങ്കിൽ അത് സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കുകയാണ് വേണ്ടിയിരുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. ശൂന്യതയിൽ നിന്ന് ചട്ടങ്ങൾ രൂപവത്കരിക്കാൻ ആകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
മൃഗാവകാശങ്ങളുടെ പേരിൽ ആചാരങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തുന്നതിനേയും സുപ്രീം കോടതി വിമർശിച്ചു

ഹൈക്കോടതി പുറപ്പടുവിച്ച മാർഗ്ഗരേഖയിലെ നിർദേശങ്ങൾ പ്രായോഗികം അല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മനുഷ്യരുടെ നീക്കങ്ങൾ പോലും പ്രവചിക്കാൻ കഴിയില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങനെയാണ് ആനകളുടെ നീക്കം പ്രവചിക്കാൻ സാധിക്കുക എന്ന് സുപ്രീം കോടതി ആരാഞ്ഞു. മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് നിർദേശിക്കാൻ കഴിയുമോയെന്ന് സുപ്രീം കോടതി ആരാഞ്ഞു. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന് ദേവസ്വം ബോർഡുകളോട് എങ്ങനെ നിർദേശിക്കാൻ കഴിയുമെന്നും സുപ്രീം കോടതി ആരാഞ്ഞു.

പകൽ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ ആനയെഴുന്നള്ളിപ്പ് പാടില്ലെന്ന ഹൈക്കോടതി നിർദേശവും അപ്രായോഗികം ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പകൽ സമയങ്ങളിൽ ആണ് എഴുന്നള്ളിപ്പ് നടക്കുന്നത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പകൽ സമയങ്ങളിൽ കടുത്ത ചൂട് ആയതിനാൽ ആണ് നിയന്ത്രണം എന്ന് മൃഗ സ്നേഹികളുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കേരളം ഹിമാലയത്തിൽ അല്ലെന്നും, അതിനാൽ ചൂട് ഉണ്ടാകുമെന്നും എന്നും ആയിരുന്നു ഇതിന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ബി വി നാഗ രത്ന മറുപടി നൽകിയത്.

ട്രക്കുകളിൽ ആനകളെ കൊണ്ടു പോകുന്നതിനേക്കാൾ നല്ലത് നടത്തിക്കൊണ്ട് പോകുന്നത് ആണെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. കർണാടകത്തിലും മറ്റും കാട്ടാനകളുടെ സഞ്ചാരം വൈദ്യുതി വേലികൾ ഉപയോഗിച്ച് തടയുകയാണ്. ഇത് മൃഗ സ്നേഹികളുടെ സംഘടനകൾ തടയുന്നില്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞു.

Continue Reading