Connect with us

Business

ബോബി ചെമ്മണ്ണൂരിന്റെ അറസ്​റ്റ് ഉടൻ :കോയമ്പത്തൂരിൽ പുതിയ ജുവലറിയുടെ ഉദ്ഘാടനം ബോബിയില്ലാതെ നടന്നു

Published

on

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്​റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി. ബോബി ചെമ്മണ്ണൂരിനെതിരെ മ​റ്റ് പരാതികൾ ഉളളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ബോബി ചെമ്മണ്ണൂർ കോയമ്പത്തൂരിൽ പുതിയ ജുവലറിയുടെ ഉദ്ഘാടനത്തിന് പോകാനിരിക്കെയാണ് വയനാട്ടിൽ നിന്ന് കസ്​റ്റഡിയിൽ എടുത്തത്. ജുവലറിയുടെ ഉദ്ഘാടനം ഇന്നായിരുന്നു. ബോബി ചെമ്മണ്ണൂരും നടി ഹൻസികയും ചേർന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ബോബിയെ കസ്​റ്റഡിയിൽ എടുത്തിട്ടും ഉദ്ഘാടന ചടങ്ങുകൾ കോയമ്പത്തൂരിൽ നടന്നിരുന്നു.കൊച്ചിയിലെ അഭിഭാഷകരുമായി ബോബി ചെമ്മണ്ണൂർ മുൻകൂർ ജാമ്യഹർജി നൽകുന്നത് ആലോചിച്ചിരുന്നുവെന്നാണ് വിവരം. വയനാട്ടിലെ റിസോർട്ടിൽ നിന്ന് ഇറങ്ങി വരവെ കാറ് വളത്താണ് ബോബിയെ കസ്റ്റഡിയിൽ എടുത്തത്.

സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കാനായിരുന്നു നീക്കം. ഉന്നതതല നിർദ്ദേശത്തെ തുടർന്നാണ് കൊച്ചി പൊലീസ് ബോബിയെ കസ്​റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രിയുമായും പൊലീസ് മേധാവിയുമായും ഹണി റോസ് സംസാരിച്ചിരുന്നു. നിയമ നടപടിയിൽ നന്ദിയുണ്ടെന്നും ഹണി റോസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഹണി റോസിന്റെ ധീരമായ പോരാട്ടത്തിന് പിന്തുണയുമായി സിനിമ സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മയായ ഫെഫ്‌ക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫെഫ്‌ക പിന്തുണ അറിയിച്ചിരിക്കുന്നത്. ‘ഹണി റോസിന്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണി റോസിന് അഭിവാദ്യങ്ങൾ’- ഫെഫ്‌ക കുറിച്ചു.മന്ത്രി ആർ ബിന്ദുവും നടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളായതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അപമാനിക്കപ്പെടുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ബോബി ചെമ്മണ്ണൂരിന്റെ അറസ്​റ്റ് നല്ല മാ​റ്റത്തിനുളള തുടക്കമാകട്ടെയെന്നും ബിന്ദു പറഞ്ഞു.

Continue Reading