Connect with us

International

അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള സൈനിക വിമാനം അമൃത്‌സറിലെത്തി

Published

on

അമൃത്‌സർ: അമേരിക്ക തിരിച്ചയച്ച 104 അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള സൈനിക വിമാനം അമൃത്‌സറിലെത്തി. അമേരിക്കൻ സൈന്യത്തിന്റെ സി-17വിമാനത്തിലാണ് ഇവർ എത്തിയത്. കൂടുതൽപേരും പഞ്ചാബ്, ഹരിയാന സംസ്ഥാനത്ത് നിന്നും ഉള്ളവരായതിനാൽ അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. രാവിലെ എത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഉച്ചയോടെയാണ് വിമാനം ലാൻഡ് ചെയ്‌തത്.

അമൃത്‌സറിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഏവിയേഷൻ ക്ളബിലേക്കുള്ള വഴി അമൃത്‌സർ പൊലീസ് സുരക്ഷ ശക്തമാക്കി അടച്ചു.
വിമാനത്തിൽ എത്തിയ ഇന്ത്യക്കാരെ ആദ്യം ഏവിയേഷൻ ക്ളബിലേക്കാണ് എത്തിച്ചത് ഇവിടെ ഇവരെ വിശദ പരിശോധനയ്‌ക്ക് വിധേയരാക്കും. ഇമിഗ്രേഷൻ രേഖകൾ, ക്രിമിനൽ റെക്കോഡുകൾ എന്നിവ ശക്തമായ പരിശോധനയ്‌ക്ക് വിധേയമാക്കും. അതിനുശേഷം പ്രശ്‌നമില്ലെന്ന് കണ്ടാൽ മാത്രമേ പോകാൻ അനുവദിക്കൂ.

ഓരോരുത്തരും ഏത് സംസ്ഥാനക്കാരാണോ അതാത് സംസ്ഥാനങ്ങളിലും വിവരം അറിയിക്കും.വരുന്ന ഇന്ത്യൻ പൗരന്മാരെ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും ഇവർക്കായി പ്രത്യേക കൗണ്ടറുകൾ എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞിരുന്നു. പഞ്ചാബിലെ വിദേശകാര്യ വിഭാഗ മന്ത്രി കുൽദീപ് സിംഗ് ധലിവാൽ ഇത്തരത്തിൽ കുടിയേറിയ ഇന്ത്യക്കാരെ തിരികെ എത്തിച്ചതിനോട് നിരാശ രേഖപ്പെടുത്തി. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് വേണ്ടി സംഭാവനകൾ ചെയ്‌‌ത ഇവർക്ക് സ്ഥിരം രേഖകൾ നൽകേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റശേഷം രാജ്യത്തെ അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടിയാണ് എടുത്തത്. ഇവരെ പിടികൂടി സൈനികവാഹനത്തിൽ വിലങ്ങടക്കം അണിയിച്ചാണ് അതാത് രാജ്യങ്ങളിൽ തിരികെയെത്തിച്ചത്.

Continue Reading