Connect with us

International

ഗാസ സ്വന്തമാക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ് :മിഡില്‍ ഈസ്റ്റിലെ ആളുകള്‍ക്കുവേണ്ടി ഗാസയില്‍ ധാരാളം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും ട്രംപ്

Published

on

വാഷിങ്ടണ്‍: 22 ലക്ഷം പലസ്തീനികളെ സമീപരാഷ്ട്രങ്ങളിലേക്ക്‌ മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. നിലവില്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമാണ് ജോര്‍ദാന്‍.

‘ഞങ്ങള്‍ ഗാസ കൈവശപ്പെടുത്താന്‍ പോവുകയാണ്. ഞങ്ങള്‍ക്ക് അത് വിലയ്ക്കുവാങ്ങേണ്ട കാര്യമില്ല. വാങ്ങാനൊന്നും അവിടെയില്ല. ഞങ്ങള്‍ ഗാസയെ സ്വന്തമാക്കും. ഞങ്ങള്‍ അത് സ്വന്തമാക്കാന്‍ പോവുകയാണ്. ഞങ്ങള്‍ അതിനെ പരിപോഷിപ്പിക്കാന്‍ പോവുകയാണ്’, ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ആളുകള്‍ക്കുവേണ്ടി ഗാസയില്‍ ധാരാളം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ ഏഴാം തീയതി, ഹമാസ് ഇസ്രയേലിന് നേര്‍ക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെ ഒരുകൊല്ലത്തിലധികമായി നടന്നുവരുന്ന യുദ്ധത്തെ തുടര്‍ന്ന് അതിദാരുണമായ ജീവിതമാണ് പലസ്തീനികള്‍ നയിക്കുന്നതെന്നും അതിനാല്‍ ഗാസ വിടുന്നതില്‍ പലസ്തീനികള്‍ക്ക് സന്തോഷമേ ഉണ്ടാകുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു. നോക്കൂ അവര്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന്. ആ ലോകത്തില്‍ ആരും ഇങ്ങനെ ജീവിക്കുന്നുണ്ടാകില്ല. തകര്‍ന്നുവീഴുന്നതും വീഴാന്‍ തുടങ്ങിയതുമായ കെട്ടിടങ്ങളുടെ കീഴിലാണ് അവര്‍ താമസിക്കുന്നത്. അവിടുത്തെ അവസ്ഥ ഭീകരമാണ്. ലോകത്ത് മറ്റൊരിടത്തും ഗാസയിലേക്കാള്‍ മോശമായ സാഹചര്യങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യു.എസ്. ഏറ്റെടുത്ത് പുനർനിർമിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.  ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടം വിട്ട് ഗൾഫ്‌രാജ്യങ്ങളിലേക്ക് പോയിക്കോട്ടെ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാം. ഗാസയ്ക്കുമേൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യു.എസ്. ലക്ഷ്യമിടുന്നത് -ട്രംപ് പറഞ്ഞു

Continue Reading