KERALA
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അനധികൃതമായി കൊടി തോരണങ്ങൾ സ്ഥാപിച്ചതിന് സി.പി.എമ്മിന് കൊല്ലം കോർപ്പറേഷൻ 3.5 ലക്ഷം രൂപ പിഴയിട്ടു

കൊല്ലം: സി.പി.എം.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ അനധികൃതമായി കൊടി തോരണങ്ങൾ സ്ഥാപിച്ചതിന് കോർപ്പറേഷൻ സംഘാടക സമിതിക്ക് 3.5 ലക്ഷം രൂപ പിഴചുമത്തി. ദിവസങ്ങൾക്ക് മുമ്പ് കൊല്ലത്തെത്തിയ ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെയാണ് കോർപ്പറേഷൻ്റെ നടപടി.
കൊടിതോരണങ്ങളും ഫ്ലക്സുകളും മറ്റും സ്ഥാപിക്കുവാൻ അനുമതി തേടി സംഘാടക സമിതി കോർപ്പറേഷനിൽ കത്തുനൽകിയിരുന്നു. ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള ഫീസ് ഒടുക്കാൻ തയാറാണെന്നും സി.പി.എം. കത്തിൽ അറിയിച്ചിരുന്നു. സ്റ്റിയറിങ് കമ്മിറ്റി ഇത് പരിശോധിച്ചെങ്കിലും നടപടിസ്വീകരിച്ചിരുന്നില്ല.കഴിഞ്ഞ ശനിയാഴ്ച കോടതികളിലെ പതിവ് പരിശോധനയ്ക്ക് ശേഷം മടങ്ങുമ്പോഴാണ് ജഡ്ജി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ച് നടപടി ആവശ്യപ്പെട്ടത്. തുടർന്നാണ് സംഘാടക സമിതി കൺവീനർക്ക് പിഴ ഒടുക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്ന് സെക്രട്ടറി ഡി.സജു പറഞ്ഞു