KERALA
വിരമിച്ച നേതാക്കളെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാക്കാൻ സി.പി.എം പുതിയ രൂപരേഖ തയ്യാറാക്കുന്നു

ന്യൂഡൽഹി: പ്രായ പരിധിയുടെ പേരിൽ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിയുന്ന നേതാക്കളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ സിപിഎം പുതിയ രൂപരേഖക്ക് ഒരുക്കം തുടങ്ങി, മധുരയിൽ അടുത്ത മാസം ചേരുന്ന സിപിഎം പാർട്ടി കോൺഗ്രസ് ഈ രൂപരേഖ ചർച്ചചെയ്ത് അംഗീകരിക്കാനാണ് തീരുമാനം. രൂപരേഖയിലെ ശുപാർശകൾ അംഗീകരിക്കുന്നതോടെ പ്രായപരിധിയെ തുടർന്ന് വിരമിച്ച പല പ്രധാന നേതാക്കൾക്കും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവാൻ സാധിക്കും.
എഴുപത്തഞ്ച് വയസ് കഴിയുന്നവരെ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ രണ്ട് പാർട്ടി കോൺഗ്രസുകൾ മുതലാണ് സിപിഎം കർശനമായി നടപ്പാക്കിത്തുടങ്ങിയത്. അപൂർവ്വം ചില നേതാക്കൾക്ക് മാത്രമാണ് പ്രായപരിധി വിഷയത്തിൽ സിപിഎം ഇളവ് നൽകിയത്. എന്നാൽ പ്രായ പരിധിയുടെ പേരിൽ ഒഴിവാക്കപ്പെടുന്നവരിൽ പലരുടെയും സേവനം തുടർന്നും പാർട്ടിക്ക് പ്രയോജനപ്പെടുത്താം എന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രായപരിധി കഴിഞ്ഞവരുടെ സേവനം തുടർന്നും പ്രയോജപ്പെടുത്തുന്നതിനുള്ള നയം സിപിഎം കൊണ്ടുവരുന്നത്.
പാർട്ടിയുടെ പഠന ഗവേഷണ കേന്ദ്രങ്ങൾ, പാർട്ടി സ്‌കൂളുകൾ, പ്രസിദ്ധീകരണങ്ങൾ, വർഗ്ഗ ബഹുജന സംഘടനകളുടെ ചുമതലകൾ തുടങ്ങിയവയിൽ നേതാക്കളുടെ സേവനം വിനിയോഗിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ഓരോ നേതാക്കളുടെയും പ്രവർത്തന പരിചയം, അനുഭവസമ്പത്ത് എന്നിവ നോക്കിയാണ് നേതാക്കൾക്ക് ചുമതല നൽകുക. ഇത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തയ്യാറാക്കുന്ന രേഖകൾ മധുരയിൽ ചേരുന്ന സിപിഎം പാർട്ടി കോൺഗ്രസ് ചർച്ചചെയ്ത് അംഗീകരിക്കും.
പ്രായ പരിധിയെ തുടർന്ന് സിപിഎം പോളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിവായ എസ്. രാമചന്ദ്രൻ പിള്ള ഇപ്പോഴും കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. എല്ലാ ദിവസവും തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തുന്ന എസ്ആർപി പാർട്ടിയുടെ നയരൂപീകരണം ഉൾപ്പടെയുടെ വിഷയങ്ങളിൽ സിപിഎം കേരള ഘടകത്തെ സഹായിക്കുന്നുണ്ട്. ഇതിന് പുറമെ പാർട്ടിയുടെ പഠന-ഗവേഷണ കേന്ദ്രങ്ങളിലും അദ്ദേഹം സജീവമാണ്. ഈ മാതൃകയിൽ മറ്റ് നേതാക്കളുടെയും സേവനം വിനിയോഗിക്കാനാണ് സിപിഎം ഇപ്പോൾ ചിന്തിക്കുന്നത്