KERALA
സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു

തിരുവനനന്തപുരം: ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണെന്നും ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്നും വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വി.ഡി. സതീശന്റെ എഫ്. ബിപോസ്റ്റ്.
‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’- വിഡി സതീശൻ കുറിച്ചു.
ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെക്കുറിച്ച് സന്ദർശകരിൽ ഒരാൾ നടത്തിയ മോശം പരാമർശത്തെക്കുറിച്ചായിരുന്നു ശാരദാ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ നിറം കറുപ്പാണെന്നും ഭർത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തിൽ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ അതിന് താഴെ വന്ന കമന്റുകളിൽ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാൽ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.