Connect with us

KERALA

വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകൾ: അതൃപ്തിയറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

Published

on

തിരുവനന്തപുരം: വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കടുത്ത അതൃപ്തിയറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിവാദത്തിൽ കർശന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പാർട്ടിയിൽ‌ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീതുനൽകി.

ബുധനാഴ്ച രാവിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലും അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാജേഷ് സാമ്പത്തിക തട്ടിപ്പുകാരനാണെന്നും തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കാൻ രാജേഷ് ശ്രമിച്ചുവെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ രം​ഗത്തെത്തിയത്.

പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നും ഇവ ഒട്ടിച്ചവരെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും രാജീവ് ചന്ദ്രശേഖർ നിർദേശം നൽകി. ബിജെപി പ്രതികരണവേദി എന്ന പേരിലായിരുന്നു പോസ്റ്ററുകൾ പതിച്ചിരുന്നത്. രാജേഷ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഇഡി റബ്ബർ സ്റ്റാമ്പല്ലെങ്കിൽ ഇവ കണ്ടുകെട്ടണം. രാജേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കണം. വി.വി. രാജേഷിന്റെ 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പാർട്ടി വിശദമായ അന്വേഷണം നടത്തണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.

പോസ്റ്ററുകൾ പതിച്ചതിനെതിരെ വി.വി. രാജേഷ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ സംഭവത്തിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ് രാജീവ് ചന്ദ്രശേഖർതന്നെ രം​ഗത്തെത്തിയത്.

Continue Reading