NATIONAL
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് സുപ്രീം കോടതി

ഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി തടയുകയാണെന്ന് സുപ്രീം കോടതി. നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോടതി സമിതിയെ നിയോഗിച്ചു. അശോക് ഗുലാത്തി, ഹര്‍സിമ്രത് മാന്‍, പ്രമോദ് ജോഷി, അനില്‍ ധാന്‍വത് തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.
കര്‍ഷകരുടെ ഭൂമി സംരക്ഷിക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനു പരിഹാരം കാണാന്‍ സമിതിയെ വയ്ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. കേന്ദ്രം നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകാത്ത പശ്ചാത്തലത്തില്‍ സമിതി രൂപീകരിക്കുന്നതു കൊണ്ടു കാര്യമൊന്നുമില്ലെന്ന്, കര്‍ഷക സംഘടനകള്‍ക്കു വേണ്ടി ഹാജരായ എംഎല്‍ ശര്‍മ പറഞ്ഞു. സമിതിക്കു മുന്‍പില്‍ ഹാജരാവില്ലെന്ന് കര്‍ഷകര്‍ അറിയിച്ചതായും ശര്‍മ കോടതിയെ ബോധിപ്പിച്ചു.
പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നുവെങ്കില്‍ സമിതിക്കു മുന്നില്‍ ഹാജരാവണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സമിതി വസ്തുതകള്‍ മനസ്സിലാക്കാനാണ്. അവര്‍ ആരെയും ശിക്ഷിക്കുകയോ ഉത്തരവിടുകയോ ചെയ്യില്ലെന്ന് കോടതി പറഞ്ഞു. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കാനാണ് കോടതി ശ്രമിക്കുന്നത്.
നിയമങ്ങള്‍ താത്കാലികമായി മരവിപ്പിക്കാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ട്. എന്നാല്‍ അത് അനിശ്ചിതമായിരിക്കില്ല. പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അതിനാണ് സമിതിയെ വയ്ക്കുന്നത്- ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചര്‍ച്ചയ്ക്കായി പലരും വന്നെങ്കിലും പ്രധാനമന്ത്രി ഇതുവരെ രംഗത്ത് എത്തിയില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പ്രധാനമന്ത്രിയോട് ചര്‍ച്ചയ്ക്ക് എത്തുന്നതിന് നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
കാര്‍ഷിക നിയമങ്ങളിലൂടെ താങ്ങുവില ഇല്ലാതാവുമെന്നോ കൃഷിഭൂമി കോര്‍പ്പറേറ്റുകളുടെ കൈയില്‍ എത്തുമെന്നോ ഉള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു. കേരളവും കര്‍ണാടകയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.