NATIONAL
ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി:ഏറ്റവും കൂടുതൽ ആസ്‌തിയുള്ളത് ജസ്റ്റിസ് കെ വി വിശ്വനാഥന് :120.95 കോടി രൂപ

ന്യൂഡൽഹി: ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. 21 ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിലെ ഫുൾ കോർട്ട് തീരുമാന പ്രകാരം സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുപ്രീം കോടതി പ്രസ്‌താവനയിൽ വ്യക്തമാക്കി.
120.95 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും കൂടുതൽ ആസ്‌തിയുള്ളത്. പത്തുവർഷത്തിനിടെ 91 കോടി രൂപയുടെ നികുതിയാണ് അദ്ദേഹം അടച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചൽ ഫണ്ടിൽ 7.94 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ബാങ്ക് അക്കൗണ്ടിൽ ആറുലക്ഷം രൂപയുണ്ട്. 12 ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് താമസിയാതെ അപ്‌ലോഡ് ചെയ്യുമെന്ന് സുപ്രീം കോടതി അറിയിച്ചു.
2022 നവംബർ ഒൻപത് മുതൽ 2025 മേയ് അഞ്ചുവരെ സുപ്രീം കോടതി കൊളീജിയം നിയമന ശുപാർശ അംഗീകരിച്ച ജഡ്‌ജിമാരുടെ പേര്, ഏത് ഹൈക്കോടതി, നിയമിച്ച സ്ഥലം, ഇവർക്ക് നിലവിലുള്ളതോ വിരമിച്ചതോ ആയ സുപ്രീം കോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്‌ജിമാരുമായി ബന്ധമുണ്ടോ, നിയമനത്തിൽ ഹൈക്കോടതി കൊളീജിയത്തിന്റെ ചുമതകൾ, സംസ്ഥാന – കേന്ദ്ര സർക്കാരുടെ ചുമതലയും നിർദേശങ്ങളും, ഇവ പരിഗണിച്ച സുപ്രീം കോടതി കൊളീജിയത്തിന്റെ ചുമതലകളും നടപടികളും എന്നിവയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അറിവിനും അവബോധത്തിനും വേണ്ടിയാണ് ഇതെന്ന് സുപ്രീം കോടതി പ്രസ്‌താവനയിൽ വ്യക്തമാക്കി.