KERALA
വയനാടിനായി നിരവധി പ്രഖ്യാപനങ്ങളുമായ് ബജറ്റ് . മെഡിക്കൽ കോളേജ് 2022 ൽ യാഥാർത്ഥ്യമാകും

തിരുവനന്തപുരം: വയനാട്ടുകാരുടെ ദീർഘകാല അഭിലാഷമായ മെഡിക്കൽ കോളേജ് 2021-22ൽ യാഥാർഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമായി സിക്കിൾ സെൽ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിന് വേണ്ടി ഹിമോഗ്ലോബിനോപ്പതി റിസർച്ച് ആൻഡ് കെയർ സെന്റർ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വയനാടിനായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായിരുന്നത്. ബ്രാൻഡ് കാപ്പിപ്പൊടി പത്തു ശതമാനമാണ് കാപ്പിക്കുരുവിന് വിലയായി കാപ്പി കർഷർകർക്ക് ലഭിക്കുന്നത്. കാപ്പിപ്പൊടി ബ്രാൻഡ് ചെയ്ത് വിൽക്കുന്നതിന്റെ ഭാഗമായി മൂന്നോ നാലോ വർഷം കൊണ്ട് അനുപാതം ഗണ്യമായി ഉയർത്താൻ കഴിഞ്ഞാൽ വയനാട്ടിലെ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാനാകും. കാപ്പി ബ്രാൻഡ് ചെയ്യുന്നതിന് കാർബൺ ന്യൂട്രൽ പദ്ധതി വയനാടിനെ സഹായിക്കും.
ഇപ്പോൾ ജില്ലയിലെ കാർബൺ എമിഷൻ 15 ലക്ഷം ടണ്ണാണ്. ഇതിൽ 13 ലക്ഷം ടൺ ആഗിരണം ചെയ്യാൻ നിലവിലുളള മരങ്ങൾക്ക് കഴിയും. കാർബൺ കുറയ്ക്കാനുളള നീക്കത്തിന്റെ ഭാഗമായി 6500 ഹെക്ടർ ഭൂമിയിൽ മുളയും 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം. മരം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്കിങ് പദ്ധതിയെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്റെ ഭാഗമായി ജൈവ വൈവിധ്യം വർധിക്കും എക്കോ ടൂറിസത്തിന് ഇത് സഹായകമാകും.
വാർഷിക പദ്ധതിയിൽ നൂറുകോടിയിൽപ്പരം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടിക വർഗ സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് വേണ്ടി 25 കോടി രൂപ ചെലവഴിക്കും. കിഫ്ബിയിൽ നിന്ന് വിവിധ പദ്ധതികൾക്കായി 941 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.