KERALA
ബിജെപി അനുകൂല മനസുള്ള ക്രൈസ്‌തവരെ അണിനിരത്തി പുതിയ രാഷ്‌ട്രീയ പാർട്ടി

കോട്ടയം: ബിജെപി അനുകൂല മനസുള്ള ക്രൈസ്‌തവരെ അണിനിരത്തി പുതിയ രാഷ്‌ട്രീയ പാർട്ടി കോട്ടയത്ത് ഒരുങ്ങുന്നു. കേരള ഫാർമേഴ്‌സ് ഫെഡറേഷൻ എന്ന സംഘടനയാണ് രാഷ്‌ട്രീയപാർട്ടി രൂപീകരിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം കോട്ടയം ഈരയിൽകടവ് ആൻസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പാർട്ടി പ്രഖ്യാപന ചടങ്ങിൽ കർദിനാൾ ജോർജ് ആലഞ്ചേരിയാണ് ഉദ്‌ഘാടകൻ.
ബിജെപി ആഭിമുഖ്യമുള്ളവരെ ലക്ഷ്യമിടുന്ന സംഘടനാ രൂപീകരണ ചടങ്ങിൽ ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കുന്നുണ്ട്. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ.മാത്യുവിന്റെ നേതൃത്വത്തിലാണ് കേരള ഫാർമേഴ്‌സ് ഫെഡറേഷൻ പുതിയ പാർട്ടി രൂപീകരിക്കുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുനമ്പം വിഷയമടക്കം ഉയർത്തി ന്യൂനപക്ഷവോട്ടുകൾ സമാഹരിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതും.
ഇതിനിടെ പാർട്ടി നേതൃത്വങ്ങളോട് ഇടഞ്ഞുനിൽക്കുന്ന യൂത്ത് കോൺഗ്രസ്, എസ്എഫ്‌ഐ നേതാക്കൾ കഴിഞ്ഞദിവസങ്ങളിൽ ബിജെപിയിൽ ചേർന്നിരുന്നു. യൂത്ത്‌കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ.ഷൈൻലാലും 20 കെ.എസ്.യു,യൂത്ത് കോൺഗ്രസ് നേതാക്കളുമാണ് ബി.ജെ.പിയിൽ ചേർന്നത്.
എസ്.എഫ്.ഐ തിരുവനന്തപുരം മുൻ ജില്ലാപ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഗോകുൽ ഗോപിനാഥും കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നു. സി.പി.എം കുടപ്പനക്കുന്ന് ലോക്കൽകമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമാണ് ഗോകുൽ ഗോപിനാഥ് . 2021 മുതൽ 23 വരെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റമായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ്, സിൻഡിക്കേറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.