Connect with us

Crime

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ആരോപണം; വേടനെതിരെ പരാതി

Published

on

പാലക്കാട്: പാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് മലയാളം റാപ്പര്‍ വേടനെതിരെ എന്‍എഐയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്.

നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ വേടന്റെ ‘വോയ്‌സ് ഓഫ് വോയ്‌സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

ഇന്നത്തെ ആധുനിക കാലഘട്ടത്തിനും ഇന്നത്തെ സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്കും പറ്റിയ കാര്യമല്ല വേടന്റെ വരികളില്‍ ഉള്ളതെന്ന് മിനി കൃഷ്ണകുമാര്‍ പറഞ്ഞു.

ഇപ്പോഴാണ് താനിത് കാണുന്നതെന്നും അന്ന് കണ്ടിരുന്നെങ്കില്‍ അന്ന് കേസ് കൊടുക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

‘പ്രധാനമന്ത്രി കപട ദേശീയ വാദിയാണെന്നും വാളെടുത്തവനാണെന്നും ഊരുചുറ്റുന്നവനാണെന്നും പറയുന്നത് എവിടുത്തെ ന്യായമാണ്. അത് ശരിയല്ല. വേടന് എത്രതന്നെ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അയാള്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ നില്‍ക്കണം. മറ്റ് രാജ്യങ്ങളില്‍ ആയിരുന്നെങ്കില്‍ അയാള്‍ ഇന്നെവിടെയായിരിക്കും? ഇന്ന് അടിമത്ത വ്യവസ്ഥിതിയില്ലെന്നും എന്തിനാണ് ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത്?’ മിനി ചോദിക്കുന്നു.

Continue Reading