KERALA
മനോരമ ചാനല്‍ അവതാരക നിഷ പുരുഷോത്തമന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി !

കൊച്ചി: മനോരമ ന്യൂസ് സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. നിഷയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി. നിഷ സ്വന്തം നാടായ ഇടുക്കിയിലെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നിന്നോ തൃപ്പൂണിത്തുറയില്‍ നിന്നോ ആകും മത്സരിക്കുക.
മത്സരത്തിനൊരുങ്ങുന്നതിന്റെ ഭാഗമായി നിഷ മനോരമ ന്യൂസില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്തിട്ടുണ്ടെന്നാണ് സൂചന. വരുന്ന ആഴ്ചകളോടെ അവര്‍ മണ്ഡലം തീരുമാനിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
പഠനകാലം മുതല്‍ കോണ്‍ഗ്രസ് അനുഭാവിയായ നിഷ, മനോരമ ന്യൂസില്‍ എത്തുന്നതിനും മുമ്പ് മംഗളം, ഇന്ത്യാവിഷന്‍ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് നിഷ.
നിഷയെ മത്സരത്തിനിറക്കുന്നത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ദീര്‍ഘകാലമായി സിപിഎം കയ്യില്‍ വച്ചിരിക്കുന്ന ഉടുമ്പന്‍ചോലയില്‍ നിഷ മികച്ച സ്ഥാനാര്‍ത്ഥിയാണ്. വൈദ്യുത മന്ത്രി എംഎം മണിയാണ് നിലവില്‍ ഇവിടെ പ്രതിനീധീകരിക്കുന്നത്.
എംഎം മണി ഇത്തവണ മത്സരിക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പകരം മാധ്യമ പ്രവര്‍ത്തകന്‍ ടിഎം ഹര്‍ഷനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. പൂപ്പാറ സ്വദേശിയായ ഹര്‍ഷന്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയാണ്.
ഹര്‍ഷനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള പോരാട്ട വേദി കൂടിയായി ഉടുമ്പന്‍ചോല മാറും. ഉടുമ്പന്‍ചോല അല്ലെങ്കില്‍ തൃപ്പൂണിത്തുറയാണ് നിഷയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന മറ്റൊരു മണ്ഡലം. കെ ബാബു തുടര്‍ച്ചയായി വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തവണ എം സ്വരാജാണ് വിജയിച്ചത്.
ബാബുവിനെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി നിഷയാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇത്തവണ എം സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കില്ലെന്നും സൂചനകളുണ്ട്.