KERALA
സിഎജിക്കെതിരേ സർക്കാർ കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം: സിഎജിക്കെതിരേ സർക്കാർ കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. കിഫ്ബിക്കെതിരേ പരാമർശമുള്ള മൂന്ന് പേജ് തള്ളിയാകും റിപ്പോര്‍ട്ട് പിഎസിക്ക് മുന്നില്‍ വരിക. ബിജെപി അംഗം ഒ.രാജഗോപാൽ ഉൾപ്പടെ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് പ്രമേയം സഭ പാസാക്കിയത്.
സിഎജി റിപ്പോർട്ട് തയാറാക്കിയപ്പോൾ ധനവകുപ്പിന് സ്വാഭാവിക നീതി നൽകിയില്ലെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന കുറ്റപ്പെടുത്തൽ. റിപ്പോര്‍ട്ടിലെ കിഫ്ബിയെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം.
സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരുക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയുമാണെന്ന് പ്രമേയത്തില്‍ പറയുന്നു.
സിഎജി റിപ്പോര്‍ട്ട് തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചെന്നും, ബന്ധപ്പെട്ട വകുപ്പിനു നീതി നിഷേധിച്ചെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിഎജി ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പ് ബാധിക്കപ്പെടുന്നവരുടെ വാദം കേള്‍ക്കണമായിരുന്നു. ഇതു ലംഘിക്കപ്പെട്ടതോടെ സിഎജി റിപ്പോര്‍ട്ടിന്റെ അടിത്തറ ഇളകി. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചു എന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.