KERALA
പിണറായിക്കെതിരേ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ. സുധാകരൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ. സുധാകരൻ എംപി. താൻ പറഞ്ഞതിൽ ഒരു തെറ്റും കണ്ടെത്താനില്ല. ചെത്തുകാരൻ എന്ന തൊഴിലിനെപ്പറ്റി പറഞ്ഞാൽ വിമർശനമാകുമോയെന്നും സുധാകരൻ മാധ്യമങ്ങളോട് ചോദിച്ചു.
വിഷയത്തിൽ വിമർശനം നടത്തിയ ഷാനിമോൾ ഉസ്മാനെതിരേയും സുധാകരൻ രംഗത്തെത്തി. സിപിഎമ്മുകാർക്കില്ലാത്ത വിഷമം സഹപ്രവർത്തകയായ ഷാനിമോൾക്ക് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഏതെങ്കിലും സിപിഎം നേതാക്കൾ പോലും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ സുധാകരൻ മാപ്പ് പറയണമെന്നാണ് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടിരുന്നത്. ഇത്തരം പരാമർശങ്ങളോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് തനിക്ക് കോൺഗ്രസ് നേതാക്കളോട് പറയാനുള്ളതെന്നും അവർ പറഞ്ഞു.
ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയിൽ നടത്തിയ പൊതുയോഗത്തിലാണ് സുധാകരൻ പിണറായിക്കെതിരെ പരാമർശം നടത്തിയത്. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോൾ സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തിരിക്കുന്നു എന്നായിരുന്നു പരാമർശം.