KERALA
എം.ബി. രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സര്‍വകലാശാലയിലെ നിയമനം വിവാദത്തില്‍

കൊച്ചി: സി.പി.എം നേതാവും മുൻ എംപി. എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകിയത് വിവാദത്തിൽ. ഗവൺമെന്റ് സ്കൂൾ അധ്യാപികയായ നിനിത കണിച്ചേരിക്കാണ് സംസ്കൃത സർവകലാശാല മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നൽകിയിരിക്കുന്നത്. ഉയർന്ന യോഗ്യതയുള്ള നിരവധിപേരെ മറികടന്ന് സി.പി.എം. നേതാവിന്റെ ഭാര്യയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിച്ചു എന്നാണ് ആരോപണം.
റാങ്ക് പട്ടിക ശീർഷാസനം ചെയ്തുവെന്ന് സെലക്ഷൻ കമ്മിറ്റിയിൽ സബ്ജക്ട് എക്സ്പർട്ട് ആയി പങ്കെടുത്ത പ്രൊഫസർ ഉമർ തറമേൽ ഫെയ്സ്ബുക്കിൽ കുറിച്ചു. വിമർശനവും വിയോജിപ്പും സർവകലാശാലയെ അറിയിച്ചുവെന്നും ഇനിയും ഇപ്പണിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ് പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിനിതയുടെ റാങ്ക് 212 ആണ്. ഇതേ റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് നേടിയ, സംസ്കൃത സർവകലാശാലയുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നൽകിയിരിക്കുന്നതെന്നും പറയുന്നു.
ഉയർന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യാപന പരിചയമുള്ളവരെയും ഒഴിവാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്ന് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ആരോപിച്ചു