KERALA
കെഎസ്യു മാര്‍ച്ചിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ ആസൂത്രണം നടത്തിയതനുസരിച്ച് പോലീസുകാര്‍ക്ക് നേരെ അക്രമം നടത്തി. ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവരെ വളഞ്ഞിട്ട് തല്ലി. പോലീസുകാര്‍ എന്ത് തെറ്റ് ചെയ്തെന്നും മുഖ്യമന്ത്രി ചോദിച്ചു.
പോലീസിനെ വളഞ്ഞിട്ടു മര്‍ദിക്കുന്ന കാഴ്ചയാണ് കണ്ടത്. പോലീസുകാരെ വളഞ്ഞിട്ട് തല്ലിയപ്പോ സ്വാഭാവികമായി പോലീസുകാര്‍ അതിനെതിരെ പ്രതികരിക്കും. അപ്പോള്‍ ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്കെത്തിക്കാം എന്നാണ് ഇക്കൂട്ടര്‍ കണക്കുകൂട്ടിയത്. എന്നാല്‍ സഹപ്രവര്‍ത്തകരെ വളഞ്ഞിട്ടു മര്‍ദിക്കുന്നത് കണ്ടിട്ടും പോലീസ് സംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യവിരുദ്ധ രീതിയിലേക്ക് സമരം വഴിമാറുന്നു. സമരക്കാര്‍ പോലീസിനെ ആക്രമിച്ചത് എന്തിനാണ്? ചില ദുഷ്ട മനസുകളുടെ ഗൂഢാലോചനയാണ് കാരണം. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും മറച്ചുവെക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇത്തരം ആസൂത്രിത അക്രമം നടത്തിയത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന മറ്റൊരു സമരക്കാരേയും കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഒരു തരം അഴിഞ്ഞാട്ടമാണ് നടന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
റീബില്‍ഡ് കേരളയുടെ ഭാഗമായുള്ള നൂറ് പ്രാദേശിക റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.