Connect with us

KERALA

കേരള തീരത്ത് അമേരിക്കൻ കമ്പനിക്ക് മത്സ്യ ബന്ധനത്തിന് അനുമതി ; കോടികളുടെ അഴിമതിയെന്ന് ചെന്നിത്തല

Published

on

കൊല്ലം: അമേരിക്കയിലെ വൻകിട കുത്തക കമ്പനിക്ക് കേരള തീരം തുറന്നുകൊടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. 5000 കോടിയുടെ കരാർ കഴിഞ്ഞ ആഴ്‌ച കേരള സർക്കാർ അമേരിക്കൻ കമ്പനിയായ ഇ എം സി സി ഇന്റർനാഷണലുമായി ഒപ്പിട്ടു. ഇതിന്റെ പിന്നിൽ കോടികളുടെ വൻ അഴിമതി നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

നാലായിരം അത്യാധുനിക ട്രോളറുകളും അഞ്ച് കൂറ്റൻ കപ്പലുകളും കടലിന്റെ അടിത്തട്ട് വരെ അരിച്ചു പെറുക്കത്തക്ക നിലയിലുളള വലകൾ ഉപയോഗിച്ചുകൊണ്ടുളള വൻ കൊളളയാണ് ഈ കമ്പനി ആസൂത്രണം ചെയ്‌തിട്ടുളളത്. നമ്മുടെ സമുദ്രത്തിൽ കൂറ്റൻ കപ്പലുകൾ ഉപയോഗിച്ച് വിദേശ കമ്പനികൾ മത്സ്യബന്ധനം നടത്തുന്നത് കേരളത്തിലെ എല്ലാരാഷ്ട്രീയപാർട്ടികളും എതിർത്തിട്ടുളളതാണ്.

വൻകിട കുത്തക കമ്പനിക്ക് കേരള തീരം തുറന്നുകൊടുക്കാനാണ് പിണറായി സർക്കാർ തീരുമാനിച്ചിട്ടുളളത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ് കരാർ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാകും. സ്‌പ്രിൻക്ലർ, ഇ മൊബിലിറ്റി പദ്ധതിക്കളെക്കാൾ വലിയ അഴിമതിയാണ് നടന്നിട്ടുളളതെന്നും ചെന്നിത്തല ആരോപിച്ചു.ഇ എം സി സിയുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സംഘടനകളുമായും ചർച്ച ചെയ്‌തിട്ടില്ല. വിദേശ കപ്പലുകളെ നമ്മുടെ തീരത്തേക്ക് കൊണ്ടുവരാനുളള അപകടകരമായ നീക്കമാണ് കേരള സർക്കാർ നടത്തുന്നത്. ഇതിന് പിന്നിൽ വൻകിട കുത്തക കമ്പനികളുമായി വലിയ ഗുഢാലോചനയാണ് നടത്തിയത്. ഈ ഗൂഢാലോചനയ്‌ക്ക് നേതൃത്വം കൊടുത്തത് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. മന്ത്രി 2018ൽ ന്യൂയോർക്കിൽ ഇ എം സി സി പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ തുടർനടപടിയാണ് കഴിഞ്ഞ ആഴ്ച ഒപ്പിട്ട കരാറെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Continue Reading