NATIONAL
ഐപിഎൽ ഏപ്രിൽ ഒൻപതിന് ആരംഭിക്കും. . മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിലാണ് ആദ്യ മത്സരം

മുംബൈ: ഐപിഎൽ ഏപ്രിൽ ഒൻപതിന് ആരംഭിക്കുമെന്ന് ബിസിസിഐ. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരും ആണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുകയെന്നും കാണികളെ അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു.
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, കോൽക്കത്ത എന്നീ ആറ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. എന്നാൽ ടീമുകളുടെ സ്വന്തം സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഉണ്ടാവില്ലെന്നും ബിസിസിഐ അറിയിച്ചു.
മേയ് 30ന് അഹമ്മദാബാദിൽ വച്ചാണ് ഫൈനൽ പോരാട്ടം. പ്ലേ ഓഫ് മത്സരങ്ങൾ മേയ് 25, 26, 28 തീയതികളിൽ നടക്കും. ഈ മത്സരങ്ങൾക്കും അഹമദാബാദ് വേദിയാകും.
ഓരോ ടീമും നാല് വേദികളിൽ കളിക്കും. 56 ലീഗ് മത്സരങ്ങളിൽ ചെന്നൈ, മുംബൈ, കോൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ പത്ത് വീതം മത്സരങ്ങൾ നടക്കുന്പോൾ ഡൽഹിയിലും അഹമ്മദാബാദിലും എട്ട് വീതം മത്സരങ്ങൾ നടക്കും.