NATIONAL
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്‌റ്ററുകളിൽ നിന്ന് ഇ ശ്രീധരന്റെ ഫോട്ടോ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോസ്റ്ററുകളിൽ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദേശം. ഇ ശ്രീധരൻ ബി ജെ പിയിൽ ചേർന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കൺ ആയിരുന്നു ഇ ശ്രീധരൻ.
നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഇവർ ഇക്കാര്യം അംഗീകരിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ പോസ്റ്ററുകളിലും ഇ ശ്രീധരന്റെയും കെ എസ് ചിത്രയുടെയും ചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ ബി ജെ പിയിൽ അംഗത്വമെടുത്തതോടെ ഇ ശ്രീധരൻ നിഷ്‌പക്ഷനല്ലാതായിരിക്കുകയാണ്.
ശ്രീധരന്റെ ചിത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസുകളിൽ നിന്നും പോസ്‌റ്ററുകളിൽ നിന്നും നീക്കം ചെയ്യണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ കത്തിലൂടെ ജില്ലാ വരണാധികാരികൾക്ക് നിർദേശം നൽകിയത്. ശ്രീധരൻ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നതിനു പിന്നാലെയുളള സ്വാഭാവിക നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുളളത്.അതേസമയം, ശ്രീധരന് പകരം ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണായി തിരഞ്ഞെടുത്തിട്ടുണ്ട്. കെ എസ് ചിത്രയും ഐക്കണായി തുടരും.