KERALA
സ്ഥാനാർത്ഥി നിർണയത്തിൽ കടുത്ത എതിർപ്പുമായി ഉമ്മൻചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം പി ജെ കുര്യനും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രൂപ്പ് നിർദ്ദേശങ്ങൾ എ ഐ സി സി സർവ്വേ റിപ്പോർട്ട് ഉയർത്തി ഹൈക്കമാൻഡ് തടയുന്നുവെന്നാണ് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പരാതി. കെ സി വേണുഗോപാലിന്റെ നോമിനികളെ സ്ഥാനാർത്ഥികളാക്കാൻ ശ്രമമുണ്ടെന്നും ഇവർക്ക് ആക്ഷേപമുണ്ട്. പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയം പൂർണമായും തെറ്റാണെന്നാണ് പി ജെ കുര്യൻ പറയുന്നത്. പി സി ചാക്കോ ആരോപിച്ച കാര്യങ്ങൾ ഗൗവരമുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും പറഞ്ഞു.അതേ സമയം സ്ഥിരം മണ്ഡലം മാറി മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തള്ളി.ബിജെപിക്ക് സ്വാധീമുള്ള നേമത്തും വട്ടിയൂർക്കാവിലും ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കാനായിരുന്നു ഹെക്കമാൻഡ് നീക്കം. ഉമ്മൻ ചാണ്ടിയെയോ, കെ മുരളീധരനെയോ നേമത്ത് സ്ഥാനാർത്ഥിയാക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു.ഹൈക്കമാൻഡ് നിർദേശത്തിൽ ഉമ്മൻ ചാണ്ടി എതിർപ്പ് ഉയർത്തിയതോടെ ഇക്കാര്യം വീണ്ടും അനിശ്ചിതത്തിലായി. മണ്ഡലം മാറുന്നതിനോട് താത്പര്യമില്ലെന്ന് ചെന്നിത്തലയും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും പാർട്ടി പറഞ്ഞാൽ നേമത്ത് മത്സരിക്കാമെന്നും മുരളീധരൻ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.