KERALA
കെ. സുരേന്ദ്രനെതിരേ ആര്‍. ബാലശങ്കറിന്റെ ആരോപണത്തെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ദേശീയശ്രദ്ധയാകര്‍ഷിക്കുന്നു

ചെങ്ങന്നൂര്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ ബി.ജെ.പി. ദേശീയ പരിശീലനവിഭാഗം കോ .കണ്‍വീനര്‍ ആര്‍. ബാലശങ്കറിന്റെ ആരോപണത്തെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ദേശീയശ്രദ്ധയാകര്‍ഷിക്കുന്നു. സുരേന്ദ്രനും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായിട്ടാണ് ചെങ്ങന്നൂരില്‍ തനിക്കു സീറ്റ് നിഷേധിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ദീര്‍ഘകാലമായി ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ബാലശങ്കര്‍ ജനുവരിമുതല്‍ ചെങ്ങന്നൂരില്‍ സജീവമായിരുന്നു. വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ഥിച്ചും പഴയകാല പ്രവര്‍ത്തകരെ കണ്ടും താനാണ് സ്ഥാനാര്‍ഥിയെന്നു പറയുകയും ചെയ്തു. നരേന്ദ്രമോദിയും അമിത്ഷായും നിര്‍ദേശിച്ചതനുസരിച്ചാണ് ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ വന്നതെന്ന് അവകാശപ്പെട്ടിരുന്നു.
ദേശീയനേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ബാലശങ്കര്‍ വന്നതെന്ന് പത്രമാധ്യമങ്ങളില്‍ വാര്‍ത്തവരുകയും ചെയ്തിരുന്നു. ഇതോടൊപ്പം സ്ഥാനാര്‍ഥിയാകുന്നവരുടെ കൂട്ടത്തില്‍ ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ എം.വി. ഗോപകുമാറിന്റെ പേരും കേട്ടിരുന്നു. പക്ഷേ, ബാലശങ്കര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചപ്പോഴാണ് ദേശീയതലത്തില്‍ ഗോപകുമാറിന്റെ പേരു പ്രഖ്യാപിച്ചത്.
മുന്‍പ് പി.എസ്. ശ്രീധരന്‍പിള്ളയുടെ മത്സരംകൊണ്ട് ചെങ്ങന്നൂര്‍ സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായി മാറിയിരുന്നു. 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 42,682 വോട്ടാണ് അദ്ദേഹം നേടിയത്. ഇത് ബി.ജെ.പി.ക്ക് ചെങ്ങന്നൂരില്‍ കിട്ടിയ എക്കാലത്തെയും വലിയ വോട്ടുവിഹിതമായിരുന്നു. ഇതിനുമുന്‍പ് 2001ല്‍ എം.ടി. രമേശ് 12,000 വോട്ടുകള്‍ നേടിയതായിരുന്നു മികച്ച നേട്ടം. പക്ഷേ, പിന്നീട് 2006ല്‍ മാന്നാര്‍ സതീഷ് മൂവായിരത്തോളം വോട്ടുകളും 2011ല്‍ ബി. രാധാകൃഷ്ണമേനോന്‍ 6,062 വോട്ടുകളുമാണ് നേടിയത്. ഈ സമയങ്ങളിലെല്ലാം എം.വി. ഗോപകുമാറിന്റെ പേരും സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും 2016ല്‍ 24.49 ശതമാനം വോട്ടുവര്‍ധന ബി.ജെ.പി.ക്ക് ഉണ്ടാകുകയും ചെയ്തതോടെയാണ് എ ക്ലാസ് മണ്ഡലമെന്ന പരിഗണന ചെങ്ങന്നൂരിന് ലഭിച്ചത്.
തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും 35,000നുമേല്‍ വോട്ടുകള്‍ നേടിയതോടെ പാര്‍ട്ടിയുടെ വോട്ടടിത്തറ എതിരാളികളും അഗീകരിച്ചു. ഈ സാഹചര്യത്തിലാണ് ക്രൈസ്തവസഭകളുടെയും എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി. അടക്കമുള്ള സമുദായസംഘടനകളുടെയും പിന്തുണ അവകാശപ്പെട്ട് ബാലശങ്കര്‍ എത്തിയത്. തന്റെ കുടുംബാംഗങ്ങളുടെ വോട്ടുകള്‍തന്നെ പതിനായിരത്തിലധികംവരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേയും കേന്ദ്രമന്ത്രി വി. മുരളീധരനെതിരേയും ഉന്നയിച്ച ആരോപണം ദേശീയനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാണ് ബി.ജെ.പി. നിയോജകമണ്ഡലം നേതൃത്വത്തിന്റെ ആവശ്യം. മോദിയുടെയടക്കം പേരു പരാമര്‍ശിച്ച് നടത്തിയ ആരോപണം ബാലശങ്കറിനെതിരേ സംസ്ഥാന നേതൃത്വം ആയുധമാക്കിയേക്കും. ബി.ജെ.പി.ക്ക് വലിയ സാധ്യതയുള്ള സമയത്ത് ഉത്തരവാദിത്വമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ആരോപണം ഉന്നയിച്ചുവെന്ന വികാരത്തിലാണ് ചെങ്ങന്നൂരിലെ പ്രവര്‍ത്തകരും നേതാക്കളും.
ആര്‍. ബാലശങ്കര്‍ വലിയ മനുഷ്യനാണ്. ദേശീയ നേതാവുമാണ്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ ആളല്ല. നേതൃത്വം പറഞ്ഞതുകൊണ്ടാണ് മത്സരിക്കുന്നത്.എം.വി. ഗോപകുമാര്‍, ചെങ്ങന്നൂരിലെ എന്‍.ഡി.എ.സ്ഥാനാര്‍ഥി, ബി.ജെ.പി. ജില്ലാ പ്രസിഡന്റുകൂടിയാണ്.