KERALA
പി.സി തോമസ് എൻ.ഡി.എ വിട്ടു. ജോസഫുമായി ലയിക്കും

കോട്ടയം: പി സി തോമസ് – പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ലയന തീരുമാനം ഉണ്ടായത്.
ഇന്ന് കടത്തുരുത്തിയില്‍ നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനിലായിരിക്കും ലയന പ്രഖ്യാപനം. ജോസഫ് വിഭാഗത്തെ സംബന്ധിച്ച് കോടതി വിധിയോടെ രണ്ടില ചിഹ്നം കൈവിട്ടു പോയിരുന്നു.
പി സി തോമസ് വിഭാഗവുമായി ലയിക്കുന്നതോടെ ചിഹ്ന പ്രശ്നത്തിന് പരിഹാരമാകും. പി സി തോമസിന്‍റെ കേരള കോണ്‍ഗ്രസിന്‍റെ പഴയ ചിഹ്നമായ സൈക്കിൾ ലഭിക്കാനുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്.
എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയായിരുന്നു പി സി തോമസ്. 2004ല്‍ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ ഇടത് വലത് മുന്നണികളെ അട്ടിമറിച്ചാണ് പി സി തോമസ് വിജയിച്ചത്.
മൂവാറ്റുപുഴയില്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ എം മാണിയോട് ഇടഞ്ഞാണ് പി സി തോമസ് കേരള കോണ്‍ഗ്രസ് വിട്ടത്. ആ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബിജെപിയുടെ സഹകരണം ലഭിച്ചില്ലെന്ന പരാതി പി സി തോമസിനുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് എന്‍ഡിഎ വിടാനുള്ള തീരുമാനമെടുത്തത്. ഇതിനിടെ പാർട്ടിയും ചിഹ്നവുമില്ലാതെ നിന്ന പി ജെ ജോസഫ് പി സി തോമസിനെ സമീപിക്കുകയായിരുന്നു.
ലയനത്തോടെ പി ജെ ജോസഫ് പാർട്ടി ചെയർമാനാകും. ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് പി സി തോമസിന് ലഭിക്കുക. രണ്ട് വർക്കിങ് ചെയർമാൻമാർ പാർട്ടിയിലുണ്ടാകും.
മോൻസ് ജോസഫ്, കെ ഫ്രാൻസിസ് ജോർജ് എന്നിവർക്കാകും വർക്കിങ് ചെയർമാൻ പദവി. ജോയി എബ്രഹാം പാർട്ടി സെക്രട്ടറി ജനറലാകും. അഞ്ച് വൈസ് ചെയർമാൻമാരും ഉണ്ടാകും.
സീറ്റില്ലാത്ത ജോണി നെല്ലൂർ, വക്കച്ചൻ മറ്റത്തിൽ , ടി യു കുരുവിള എന്നിവരും വൈസ് ചെയർമാൻമാരാകും. തെരഞ്ഞെടുപ്പിന് ശേഷമാകും പദവികൾ വീതം വയ്ക്കുക.