KERALA
അദാനിയുടെ കുടുംബം കണ്ണൂരില്‍ വന്നത് ആരെ കാണാനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി

തലശേരി: അദാനിയുടെ കുടുംബം കണ്ണൂരിൽ വന്നത് ആരെ കാണാനെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണം. അദാനിയുമായുള്ള കെ.എസ്.ഇ.ബിയുടെ കരാറിലെ വ്യവസ്ഥകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അദാനി ഒരു പ്രത്യേക വിമാനത്തിൽ, ഏത് അദാനിയാണെന്ന് അറിയില്ല, കണ്ണൂർ വിമാനത്താവളത്തിൽ വരികയുണ്ടായി. അദാനി മുഖ്യമന്ത്രിയെ കാണാനാണോ വന്നത്? ഏത് അദാനിയാണ് വന്നത്? മുഖ്യമന്ത്രി വിശദീകരിക്കണം. അദാനിയുമായി പ്രത്യേകിച്ച് ഗൗതം അദാനിയുമായി വലിയ ആത്മബന്ധത്തിലാണ് നമ്മുടെ മുഖ്യമന്ത്രി- മുല്ലപ്പള്ളി പറഞ്ഞു.
സഹസ്രകോടീശ്വരന്മാരുടെ ക്യാപ്റ്റനാണ് പിണറായി എന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. എന്റെയോ നിങ്ങളുടെയോ ക്യാപ്റ്റനല്ല പിണറായി. ഈ നാട്ടിലെ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്തു തൊഴിലാളികകളുടെയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയോ ക്യാപ്റ്റനല്ല അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.