Connect with us

HEALTH

അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്; രാത്രി 10 മുതല്‍ 4 വരെ വാഹനങ്ങൾ കടത്തി വിടില്ല

Published

on


പാലക്കാട്: കൊവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവിനെത്തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്‌നാട് അതിര്‍ത്തി അടച്ചിടും.

ഈ സമയത്ത് ഒരു വാഹനത്തെയും കടത്തിവിടാന്‍ അനുവദിക്കില്ല. അതേസമയം അവശ്യസര്‍വീസുകള്‍ക്ക് മാത്രം ഇളവ് നല്‍കുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. കൂടാതെ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ഇ – പാസ് നിര്‍ബന്ധമാക്കും. ഇ- പാസ്സ് ഉള്ളവരെയോ, ആശുപത്രിയിലേക്ക് പോകുന്നവരെയോ മാത്രമാണ് കടത്തിവിടുന്നത്. കേരള അതിര്‍ത്തിയിലടക്കം കൂടുതല്‍ പോലീസുകാരെ വിന്യസിക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

കേരളവും ഇന്ന് മുതല്‍ നിയന്ത്രണം കടുപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന അതിര്‍ത്തിയായ ഇഞ്ചിവിള ചെക്‌പോസ്റ്റില്‍ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ- പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങള്‍ക്ക് പോകുന്നവരെയും മാത്രമാണ് കടത്തിവിടുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാനം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം മുറിയില്‍ ക്വാറന്റൈനില്‍ കഴിയണം. വരുന്ന എല്ലാവരും ഇ- ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം

Continue Reading