HEALTH
കോവിഡ് വ്യാപനം:മലബാര്‍ കാന്‍സര്‍ സെന്ററില്‍ കര്‍ശന നിയന്ത്രണം

തലശ്ശേരി : കോവിഡ് -19 രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടര്‍ ചികിത്സക്ക് വരുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. കാന്‍സര്‍ രോഗികള്‍ മററുള്ളവരുമായി ഇടപഴകുമ്പോഴും യാത്ര ചെയ്യുമ്പോഴും കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .കോവിഡ് രോഗബാധ കാന്‍സര്‍ രോഗികളില്‍ ഗൗരവ തരത്തിലുള്ള ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നുള്ളതിനാലും അത് രോഗിയെ അത്യാഹിത സാഹചര്യങ്ങളിലേക്ക് എത്തിച്ചേക്കുമെന്നുള്ളത് കൊണ്ടും രോഗികള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇപ്പോഴത്തെ രോഗ വ്യാപനം , കണക്കിലെടുത്തു കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ സെന്റര്‍
ഏര്‍പ്പെടുത്തി.
എം സി സി യില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും നിലവില്‍ ചികിത്സയുള്ള രോഗികള്‍ക്കും മുടക്കമൊന്നും കൂടാതെ ചികിത്സാ ലഭിക്കുന്നതാണ്. ചികിത്സ കഴിഞ്ഞ തുടര്‍ സന്ദര്‍ശനം മാത്രം നിര്‍ദ്ദേശിച്ചിട്ടുള്ള രോഗികള്‍ക്കായി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ഒരു പ്രത്യേക വാട്‌സ്ആപ് നമ്പര്‍- 9188202602 ഏര്‍പ്പെടുത്തിയിട്ടുണ്ട്.രോഗികള്‍ ഈ നമ്പറിലേക്ക് മെസ്സേജ് അയച്ച് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചു ചികിത്സ തുടരേണ്ടതാണ്. രോഗികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇ സഞ്ജീവനി ഓണ്‍ ലൈന്‍ ഒപി സംവിധാനം പരമാവധി ഉപയോഗപ്പെടുത്തി യാത്രകള്‍ ചുരുക്കേണ്ടതാണ്.
ഒരു രോഗിയുടെ കൂടെ ഒരാളെ മാത്രമേ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു . സന്ദര്‍ശകരെ കര്‍ശനമായി ഒഴിവാക്കിയിരിക്കുന്നു . അകത്തേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാവരും സര്‍ജിക്കല്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതാണ് . ഓരോ ചികിത്സയും ആരംഭിക്കുന്നതിനു മുമ്പ് രോഗികള്‍ കോവിഡ് പരിശോധന നടത്തേണ്ടതാണ് . കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ രോഗിയെ അനുഗമിക്കുന്ന കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് ടെസ്റ്റ് ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം.
അതാതു ഓപി വിഭാഗങ്ങളില്‍ വിളിച്ചും രോഗികള്‍ക്ക് തുടര്‍ ചികിത്സക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ തേടാവുന്നതാണ്.ഹെമറ്റോളജി – 0490 -2399245, സര്‍ജറി വിഭാഗം- 2399214, ഹെഡ് ആന്‍ഡ് നെക്ക്- 2399212, ഗൈനെക് & ബ്രെസ്‌റ് – 2399287, പാലിയേറ്റിവ് -2399277, മെഡിക്കല്‍ ഓങ്കോളജി – 2399255, റേഡിയേഷന്‍ വിഭാഗം-2399276, പീഡിയാട്രിക്- 2399298 , ശ്വാസകോശ വിഭാഗം – 2399305, രോഗികളുടെ സുരക്ഷ കണക്കിലെടുത്തു ഏവരും നിര്‍ദ്ദേശങ്ങളുമായി സഹകരിക്കേണ്ടതാണെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു