NATIONAL
വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി

ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. മേയ് രണ്ടിന് വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷൻ നിർദേശിച്ചു.
തിരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിലക്ക് ബാധകമാണ്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. റിട്ടേണിങ് ഓഫീസറിൽ നിന്ന് തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിജയിച്ച സ്ഥാനാർഥിയെയോ അവരുടെ പ്രതിനിധിയെയോ അനുഗമിക്കാൻ രണ്ടിൽ കൂടുതൽ പേരെ അനുവദിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
രാജ്യത്തെ കോവിഡ് രണ്ടാംതരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമർശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വോട്ടെണ്ണൽ ദിനത്തിൽ ആൾക്കൂട്ടം ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷ
ൻ നിർദേശിച്ചത്.