HEALTH
ചില ഇടങ്ങളില്‍ വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ചില ഇടങ്ങളില്‍ വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
അടിയന്തരമായി തിരുത്തണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു. തദ്ദേശ ജനപ്രതിനിധകളും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രവര്‍ത്തനങ്ങളില്‍ മങ്ങലുണ്ടായോയെന്ന് പരിശോധിക്കണം. പ്രതിരോധ നടപടികള്‍ വീടിനുള്ളിലും സ്വീകരിക്കണം. നിര്‍ദേശങ്ങള്‍ നല്‍കാനുള്ള നടപടികള്‍ വാര്‍ഡുതല സമിതികള്‍ ഏറ്റെടുക്കണം. വാട്സാപ്പ് കൂട്ടായ്മകളും സാമൂഹിക മാധ്യമങ്ങളും ബോധവത്ക്കരണത്തിനായി ഉപയോഗിക്കണം. പരസ്പരം അറിയുന്നവരാകുമ്പോള്‍ സ്വാധീനം വലുതായിരിക്കുമെന്നും ഫലപ്രദമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരാള്‍ കോവിഡ് ബാധിതനായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം, മെഡിക്കല്‍ സഹായം, എപ്പോള്‍ ആശുപത്രിയില്‍ പ്രവേശിക്കണം എന്നതില്‍ കൃത്യമായ നിര്‍ദേശം നല്‍കണം. വാര്‍ഡിലെ എല്ലാവരെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. മരുന്നുകളുടെ കാര്യത്തില്‍ ഉറപ്പ് വരുത്തണം. ആശയക്കുഴപ്പം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.