KERALA
മരം മുറി സംഭവത്തിലെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ്

വയനാട്: മരംമുറി സംഭവം വിവാദമായ ശേഷവും ഉത്തരവിനെ മുഖ്യമന്ത്രി അടക്കമുള്ളവർ ന്യായീകരിച്ച് രംഗത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടാകണം. അതിന് തയ്യാറായില്ലെങ്കിൽ സമരപരിപാടികളെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശൻ പറഞ്ഞു. മരംകൊളള നടന്ന വയനാട്ടിലെ പ്രതിപക്ഷ പ്രതിനിധി സംഘത്തിന്‍റെ സന്ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം കൊള്ളയിലെ ഭയാനകദൃശ്യം ആണ് വയനാട്ടിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ എങ്കിലും സമാനമായ മരം കൊള്ള നടന്നിട്ടുണ്ട്. കര്‍ഷകരെ മറയാക്കി വൻകിട മാഫിയകൾക്ക് സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്‌തതെന്നും വി ഡി സതീശൻ ആരോപിച്ചു.
സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇത്രയും വലിയ കൊള്ള നടന്നത്. വിവാദമായ ഉത്തരവിൽ ഒരു സദുദ്ദേശ്യവും ഇല്ല. പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട പാവപ്പെട്ടവരുടെ ഭൂമിയിൽ നിന്നും അവരെ കബളിപ്പിച്ചാണ് മരം മുറിച്ച് മാറ്റിയിട്ടുള്ളത്. റവന്യു വകുപ്പിന്‍റെ അകമഴിഞ്ഞ ഒത്താശയില്ലാതെ ഇത്തരമൊരു കൊള്ള നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.