KERALA
മദ്യശാലയ്ക്ക് മുന്നിലെ ആൾക്കൂട്ടത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: മദ്യശാലയ്ക്ക് മുന്നിലെ ആൾക്കൂട്ടത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കൊവിഡ് കാലത്ത് ഇത്തരം ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരാമർശം നടത്തിയത്. ഫോട്ടോകളും വീഡിയോയും പരിശോധിച്ചായിരുന്നു കോടതി പരമാർശം.
ഇതുസംബന്ധിച്ച് ചൊവ്വാഴ്‌ചക്കുള്ളിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകണം. വീഴ്‌ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഒരു മീറ്റർ അകലം പാലിച്ച് ആളുകളെ നിർത്താൻ നിർദേശം നൽകിയതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസിൽ എക്‌സൈസ് കമ്മിഷണർ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
തൃശൂരിലെ ബെവ്കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാണ് എക്സൈസ് കമ്മിഷണറെ വിളിച്ചു വരുത്തുന്നത്. നേരിട്ട് വിശദീകരണം തേടാനാണിത്. എക്സൈസ് കമ്മിഷണർ ഹാജരാകുന്നത് ഒഴിവാക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല.