HEALTH
പിണറായിയുടെ ‘മനസ്സിലാക്കി കളിച്ചാൽ മതി’ എന്ന പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: വ്യാപാരികളോട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘മനസ്സിലാക്കി കളിച്ചാൽ മതി’ എന്ന പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷം പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ആത്മഹത്യ മുന്നിൽ കണ്ട് നിൽക്കുന്ന ഒരു സമൂഹത്തോട് മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി ധാർഷ്ട്യം നിറഞ്ഞതാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇതിനിടെ സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പരസ്യ പ്രതികരണവുമായി ഇടതുപക്ഷ അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമതിയും രംഗത്തെത്തി. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് സിപിഎം മുൻ എംഎൽഎയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി.കെ.സി.മമ്മത് കോയ പറഞ്ഞു. തങ്ങൾ സമരത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘മനസ്സിലാക്കി കളിച്ചാൽ മതി’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ?ഇത് കേരളമാണ്… മറക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാരി വ്യവസായി ഏകോപന സമിതിയും മുഖ്യമന്ത്രിയുടെ പ്രസ്ഥാന വനക്കെതിരെ ശക്തമായി രംഗത്ത് വന്നു. ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് കരുതേണ്ടെന്ന് ഏകോപന സമിതി പ്രസിഡണ്ട് ടി. നസുറുദ്ദീ ൻ പറഞ്ഞു.