HEALTH
രാജ്യത്ത് മൂന്നാം തരംഗത്തെ നേരിടാൻ ബോധവത്ക്കരണവുമായ് സർക്കാർ

ഡൽഹി:രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മൂന്നാം തരംഗത്തിനെ പ്രതിരോധിക്കുന്നതിനായി നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്നാം തരംഗം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സര്‍ക്കാര്‍. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ദുരന്ത നിവാരണ സമിതി കൊവിഡ് മൂന്നാം തരംഗത്തിനെ പ്രതിരോധിക്കുന്നതിനുള്ള കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനായി രൂപീകരിച്ച പ്രത്യേക സമിതി അംഗങ്ങള്‍ കൊവിഡിന്റെ ദിവസേനയുള്ള ഗതി നിരീക്ഷിക്കുകയും, ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. നിലവിലെ കണക്ക് പ്രകാരം ഡല്‍ഹിയിലെ കൊവിഡ് ബാധിക്കുന്ന രോഗികളുടെ എണ്ണത്തിലും, മരണ നിരക്കിലും ഗണ്യമായ കുറവ് കാണാം. ടിപിആറും കുറവാണ്. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നും, കുട്ടികള്‍ക്കായിരിക്കും കൂടുതലായി ബാധിക്കുകയെന്നും ആരോഗ്യ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
മൂന്നാം തരംഗത്തെ കരുതലോടെ പ്രതിരോധിക്കുന്നതിന് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കാര്‍ട്ടൂണിന്റെ സഹായം തേടുന്നു. “ലോക്കിങ്ങ് ലൈന്‍സ്’ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക്ക് കോര്പറേഷന് ആൻഡ് ചൈല്‍ഡ് ഡെവലപ്പ്മെന്റിന്റെ ബംഗളൂരു റീജിയന്, ഡിഎംസി ഇന്ത്യയുടെ സഹകരണത്തില്‍ രാജ്യവ്യാപകമായി ബോധവത്കരണ പരിപാടിക്കായി ഒരുങ്ങുന്നു. കേരളത്തിലും അതിന് തുടക്കം കുറിക്കുകയാണ്.
കേരള സര്‍ക്കാരിന് കീഴിലുള്ള കേരള സാമൂഹിക സുരക്ഷാ മിഷനും, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി ചേര്‍ന്നാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ആദ്യ പടിയായി തിരഞ്ഞെടുത്ത പന്ത്രണ്ട് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ രണ്ട് ദിവസത്തെ ക്യാംപില്‍ പങ്കെടുക്കും. പ്രമുഖ ഡോക്ടര്‍മാരും, സാമൂഹ്യ പ്രവര്‍ത്തകരും ഈ രംഗത്ത് മുന്‍പ് പ്രവര്‍ത്തിച്ച കാര്‍ട്ടൂണിസ്റ്റുകളുമായി സംവദിക്കും. കൂട്ടായ പ്രവര്‍ത്തനത്തില്‍ 72 കാര്‍ട്ടൂണ്‍ ബോധവത്കരണ പോസ്റ്ററുകള്‍ രണ്ട് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കും. കാര്‍ട്ടൂണ്‍ പോസ്റ്ററുകളിലൂടെ കാര്‍ട്ടൂണിസ്റ്റുകളും ആരോഗ്യ പ്രവര്‍ത്തകരും ഒന്നിച്ച് നടത്തുന്ന ബോധവത്കരണ പരിപാടി രാജ്യത്ത് ആദ്യമായാണ്. കേരളത്തിലും, ലക്ഷദ്വീപിലും മലയാളത്തിലാണ് ബോധവത്ക്കരണ പ്രചരണം നടത്തുന്നത്. കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ബംഗാളിലും, തമിഴലും, ഹിന്ദിയിലും പോസ്റ്ററുകള്‍ നിർമിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടേയും കേരളത്തിലെ എല്ലാ ജില്ലാ താലൂക്ക് ആശുപത്രികളിലും പോസ്റ്ററുകളുടെ പ്രദര്‍ശനം കേരള സാമൂഹ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിക്കാനാണ് പരിപാടി. മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിനാല്‍ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി കുട്ടികളിലേക്കും ബോധവത്കരണ കാര്‍ട്ടൂണ്‍ പോസ്റ്ററുകള്‍ എത്തിക്കുമെന്ന് ഡിഎംസി ഇന്ത്യയുടെ മുഖ്യ രക്ഷാധികാരി ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു.
.കൊവിഡിന്റെ രണ്ടാം തരംഗം വരുമെന്നും, ജീവവായുവായ ഓക്സിജന്‍ കരുതണമെന്നുമുള്ള ആരോഗ്യ രംഗത്തുള്ളവരുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാത്തതിന് വലിയ വില കൊടുക്കേണ്ടി വന്നത് നമുക്ക് മുന്നിലുണ്ട്. മൂന്നാം തരംഗത്തെ കരുതലോടെ പ്രതിരോധിക്കുന്നതിനാണ് “ലോക്കിങ്ങ് ലൈന്‍സ്’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ തുടക്കം കുറിക്കുന്ന പരിപാടി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടത്തും. രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും പോസ്റ്ററുകള്‍ നിര്‍മിക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ളത്.
രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ മൂന്നാം തരംഗത്തിന്റെ ശക്തി കുറയ്ക്കാന്‍ ബോധവത്കരണ പ്രവര്‍ത്തനത്തില്‍ മുഴികിയിരിക്കുകയാണ്. പലരും പല തരത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൂടുതല്‍ വകഭേദങ്ങള്‍ കൊറോണ വൈറസിന്റെ രൂപം കൊണ്ടു വരുന്നതായും , അവ വളരെ അപകടകാരിയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി കഴിഞ്ഞു. കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല എന്ന് പലതവണയായി അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.കൊവിഡ് മൂന്നാം തരംഗം വേണമെന്ന് വിചാരിച്ചാല്‍ തടയുവാന്‍ സാധിക്കും. അതിന് ജനങ്ങളെ ബോധവത്കരിക്കണം. പൂര്‍ണമായും അത് നടപ്പിലാക്കാന്‍ പ്രയാസമുണ്ട് എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വളരെ ശക്തമായ ബോധവത്കരണ പരിപാടികള്‍ കൊണ്ട് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുവാന്‍ സാധിക്കും.
ഒരു വര്‍ഷത്തേക്ക് പൊതുപരിപാടികള്‍ ഉപേക്ഷിച്ചും, പ്രതിഷേധങ്ങളും, ആഘോഷങ്ങളും ഒഴിവാക്കിയും എല്ലാ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ ചേർന്ന് തീരുമാനം എടുക്കണമെന്ന് ഇന്ത്യയുടെ വാക്സിന് കമ്മറ്റി അംഗമായ തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലെ ഡോക്ടര്‍ മോഹന്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ നമുക്ക് മൂന്നാം കൊവിഡ് തരംഗം ഒഴിവാക്കാന്‍ ഒരു പരിതി വരെ സാധിക്കും.മൂന്നാം കൊവിഡ് തരംഗം ഉണ്ടാക്കുമെന്നും അത് കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നുമുള്ള ആശങ്ക വ്യാപകമാണ്. അന്താരാഷ്ട്ര തലത്തിലെ കൊവിഡ് തരംഗം പരിശോധിക്കുകയാണെങ്കില്‍ ഏറെ താമസമില്ലാതെ മൂന്നാം തരംഗം ഉണ്ടാകും. കൊവിഡിനെ വളരെ നിസാരമായി ചിലര്‍ കാണുന്നു എന്നത് വളരെ അപകടകരമാണ്.
രണ്ട് ഡോസ് വാക്സിന് കൊണ്ടു മാത്രം കൊവിഡില്‍ നിന്ന രക്ഷപെടാമെന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഗുജറാത്തില്‍ സ്കൂളുകളും കോളെജുകളും അന്‍പത് ശതമാനം വിദ്യാർഥികളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങി. നേരിട്ട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ വന്ന് പഠിക്കേണ്ടവര്‍ക്ക് സ്വയം തീരുമാനമെടുത്ത് വരാമെന്നാണ് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹാജര്‍ നിര്‍ബന്ധമല്ല. ഹരിയാന സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ ജൂലൈ 25 മുതല്‍ 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്കൂള്‍ തുറക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ കോളെജുകളും അവിടെ തുറക്കും. 50 ശതമാനം മാത്രം വിദ്യാർഥികളെ മാത്രമേ ഒരു ക്ലാസില്‍ പ്രവേശിപ്പിക്കൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്.അപകട സാധ്യത ഏറ്റെടുത്ത് സ്കൂളുകള്‍ തുറക്കേണ്ടതില്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാര്‍ പറയുന്നത് ഓഫ് ലൈന്‍ ക്ലാസുകള്‍ തുടങ്ങി ഡല്‍ഹിയിലെ സ്കൂള്‍ കുട്ടികളുടെ ആരോഗ്യം അപകടപ്പെടുത്തി പരീക്ഷണത്തിനില്ല എന്നാണ്.
പോണ്ടിച്ചേരിയില്‍ ജൂലൈ 16 ന് സ്കൂളുകളും കോളെജുകളും തുറക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. തമിഴ് നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നതല്ലാതെ ഒരു തീരുമാനവും ഉണ്ടായില്ല.കുട്ടികള്‍ക്ക് കൊവിഡ് വന്നാലുള്ള സാഹചര്യം അതീവ ഗുരുതരമാണ്. കൊവിഡ് ബാധിതരാക്കുന്ന കുട്ടിയോടൊപ്പം അവരുടെ രക്ഷിതാവിനെ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷിക്കണം. ഇപ്പോള്‍ നിലവിലുള്ള ക്വാറന്റൈന് സൗകര്യത്തിന്റെ പതിന്മടങ്ങ് വലിപ്പവും സൗകര്യങ്ങളും വേണം.